സ്വന്തം ലേഖകന്‍: ട്രംപിന് യുഎസ് പ്രസിഡന്റിന്റെ ശമ്പളവും വൈറ്റ് ഹൗസും വേണ്ട, പേരിന് പ്രതിവര്‍ഷം ഒരു ഡോളര്‍ ശമ്പളം മതിയെന്ന് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കേണ്ട വാര്‍ഷിക ശമ്പളമായ നാല് ലക്ഷം ഡോളര്‍ വേണ്ടെന്ന് വ്യക്തമാക്കിയ നിയുക്ത അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമപരമായി ശമ്പളം വാങ്ങണം എന്നതിനാല്‍, പ്രതിവര്‍ഷം ഒരു ഡോളര്‍ സ്വീകരിക്കുമെന്നും സി.ബി.എസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രസിഡന്റ് പദവി ഏറ്റെടുത്താല്‍ അവധിയെടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍, പ്രസിഡന്റായാല്‍ താന്‍ ശമ്പളം സ്വീകരിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്ന് ശമ്പളം നിര്‍ബന്ധമായും കൈപ്പറ്റിയിരിക്കണമെന്ന നിബന്ധനയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രസിഡന്റ് എന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഈ സാഹചര്യത്തില്‍ അവധിയെടുക്കുന്നത് ഉചിതമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 ല്‍ സമര്‍പ്പിച്ച ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ ഫോമില്‍ ട്രംപ് ആദായം 557 ദശലക്ഷം ഡോളറെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതുകൊണ്ട് തന്നെ ട്രംപിന് ശമ്പളത്തിന്റെ ആവശ്യമില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഫോര്‍ബ്‌സ് സെപ്തംബറില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ട്രംപിന്റെ സമ്പത്ത് 3.7 ബില്യണ്‍ ഡോളറാണെന്നും കണ്ടെത്തിയിരുന്നു.
അതേസമയം ശമ്പളം ഒഴിവാക്കുന്നതിലൂടെ ട്രംപ് മുന്‍ഗാമികളായ ജോണ്‍ എഫ് കെന്നഡി, ഹെര്‍ബെര്‍ട്ട് ഹൂവര്‍ എന്നിവര്‍ക്കൊപ്പമാകും. ഇവരെല്ലാം ശമ്പളം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയായിരുന്നു. ശമ്പളം ഉപേക്ഷിക്കുന്നതിനൊപ്പം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിരമായി ട്രംപ് ഉപയോഗിച്ചേക്കില്ലെന്നും സൂചനയുണ്ട്.
തന്റെ ഭൂരിഭാഗവും സമയം ചെലവഴിക്കുക ന്യൂയോര്‍ക്കിലെ വസതിയായ 100 മില്യണ്‍ പെന്റ്ഹൗസില്‍ ആയിരിക്കും. അതേസമയം ന്യൂയോര്‍ക്കിലെ സുരക്ഷാഭീഷണിയില്‍ അദ്ദേഹം പൂര്‍ണ്ണമായും വൈറ്റ്ഹൗസിലേക്ക് തന്നെ മാറണമെന്ന് രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. ഭാര്യ മെലാനിയയ്ക്കും 10 വയസ്സുകാരന്‍ മകന്‍ ബാരനുമൊപ്പം ലൂയിസ് പതിനാലാമന്റെ കൊട്ടാരത്തിന് സദൃശ്യമായി നിര്‍മ്മിച്ചിട്ടുള്ള മൂന്ന് നില അപ്പാര്‍ട്ട്‌മെന്റിലാണ് ട്രംപ് താമസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല