സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ഭാവി ഇരുട്ടിലാക്കിയ ട്രംപിന്റെ ഡിഎസിഎ നടപടിക്കെതിരെ ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റും ഉള്‍പ്പെടെയുള്ള ഐടി ഭീമന്മാര്‍ രംഗത്ത്, നിയമം റദ്ദാക്കലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കുട്ടികളായിരിക്കെ യുഎസിലേക്ക് രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെ തൊഴില്‍ വിസയില്‍ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നിയമം ട്രംപ് ഭരണകൂടം റദ്ദാക്കിയതോടെയാണ് എട്ടായിരത്തോളം ഇന്ത്യന്‍ വംശജര്‍ അടക്കം എട്ടു ലക്ഷത്തോളം കുടിയേറ്റക്കാര്‍ യുഎസില്‍ നിന്ന് നാടുകടത്തല്‍ ഭീഷണിയിലായത്.
അതേസമയം, തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി ഡമോക്രാറ്റുകള്‍ ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍ രംഗത്തെത്തി. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേഡ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ അറൈവല്‍ (ഡാകാ) നിയമത്തിന് അടുത്ത വര്‍ഷം മാര്‍ച്ച് അഞ്ചു വരെയാണു കാലാവധി. നിയമം തുടരാതെ റദ്ദാക്കാനാണു യുഎസ് കോണ്‍ഗ്രസിനോടു ട്രംപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2012ല്‍ ബറാക് ഒബാമയുടെ ഉത്തരവു പ്രകാരം നിലവില്‍ വന്ന ഡാകാ പ്രകാരം 787,000 പേര്‍ക്കാണു യുഎസില്‍ തൊഴില്‍വീസ ലഭിച്ചത്. ഏറെപ്പേരും മെക്‌സിക്കോ, പെറു, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 7881 പേരുമുണ്ട്. ഡാകാ നിയമപ്രകാരം ഇളവിന് അര്‍ഹരായ, രേഖകളില്ലാത്ത 19 ലക്ഷം കുടിയേറ്റക്കാരില്‍ 14,000 ഇന്ത്യക്കാര്‍ വേറെയുമുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പുതുക്കാവുന്ന വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന ഡാകാ നിയമത്തിനു കീഴില്‍ പുതിയ അപേക്ഷ ഇനി സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്കൊപ്പം രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുട്ടികള്‍ക്ക് അമേരിക്കയില്‍ തൊഴില്‍ വീസയില്‍ തുടരാന്‍ അനുമതി നല്‍കുന്ന നിയമം ഇല്ലാതാക്കുന്നതിനോടു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളും ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവ അടക്കം വന്‍കിട കമ്ബനി മേധാവികളും എതിരാണ്.
ട്രംപിന്റെ ഉപദേശകര്‍ കൂടിയായ മകള്‍ ഇവാന്‍ക ട്രംപും മരുമകന്‍ ജറീദ് കുഷ്‌നറും ഡാകാ തുടരണമെന്ന നിലപാടുകാരാണ്. കുടിയേറ്റക്കാരായ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി നിയമ പോരാട്ടം നടത്തുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക് വ്യക്തമാക്കി. നിയമം തുടരണമെന്നാവശ്യപ്പെട്ടു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്, ഫെയ്‌സ് ബുക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്, ഗൂഗിള്‍ സിഇഒ ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ എന്നിവരും രംഗത്തെത്തിയത് പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല