സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരുടെ വയറ്റത്തടിച്ച് വീണ്ടും ട്രംപ്, പുതിയ തീരുമാനം ബാധിക്കുക 20,000 ത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് ലക്ഷം കുടിയേറ്റക്കാരെ. അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിഎസിഎ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി ട്രംപ് റദ്ദാക്കിയതോടെ മതിയായ രേഖകളില്ലാലെ അമേരിക്കയിലെത്തിയ ഇന്ത്യക്കാരും അവരുടെ മക്കളും നാടുകടത്തല്‍ ഭീക്ഷണിയിലായി.
അനധികൃതമായി യുഎസിലെത്തിയ എട്ട് ലക്ഷത്തോളം കുടിയേറ്റക്കാരുടെ ഭാവിയാണ് ഇതോടെ ഇരുളിലായത്. ഡിഎസിഎ പദ്ധതി റദ്ദാക്കിയതോടെ 20,000 ലധികം ഇന്ത്യക്കാര്‍ക്ക് യുഎസില്‍ തുടരാനാകാത്ത അവസ്ഥയാണെന്ന് യുഎസിലെ ദക്ഷിണേഷ്യന്‍ വംശജരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗദര്‍ എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു. പദ്ധതി റദ്ദാക്കിയതിനു പിന്നാലെ ആറു മാസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ട്രംപിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
മാതാപിതാക്കള്‍ക്കൊപ്പം ചെറിയ പ്രായത്തില്‍ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്കാണ് ട്രംപിന്റെ നടപടി ഏറ്റവും പ്രതികൂലമാകുക. ഇപ്രകാരം രാജ്യത്ത് കുടിയേറിയവര്‍ക്ക് നിയമ പരിരക്ഷ നല്കിയ ഒബാമയുടെ പദ്ധതിയാണ് ട്രംപ് ഒറ്റയടിക്ക് റദ്ദാക്കിയത്. 2012 ല്‍ ഒബാമ ഭരണകൂടം മുന്‍കൈയ്യെടുത്ത് നടപ്പിലാക്കിയ ഡിഎസിഎ പദ്ധതിയില്‍ 5,500 ഇന്ത്യക്കാരും നിരവധി പാക്കിസ്ഥാനികളും ഉള്‍പ്പെടെ 27,000 ത്തോളം ഏഷ്യക്കാര്‍ക്ക് താമസാനുമതി കിട്ടിയിട്ടുണ്ട്.
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ ഡിഎസിഎയ്ക്കായി കാത്തിരിക്കുമ്പോഴാണ് കനത്ത തിരിച്ചടിയായി പദ്ധതി റദ്ദാക്കിയ ട്രംപിന്റെ തീരുമാനം. അതേസമയം ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുകയാണ്. നിയമം റദ്ദാക്കിയ തീരുമാനത്തെ ക്രൂരമെന്നാണ് ബരാക് ഒബാമ വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കളും ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. വെറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധ റാലികളും നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല