സ്വന്തം ലേഖകന്‍: യുഎസിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറി, ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്!റോവ്, റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്!ല്യാക് എന്നിവരുമായാണ് ട്രംപ് അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖകള്‍ പങ്കുവെച്ചതെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ച വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചക്കിടെയാണ് സംഭവം.
രഹസ്യ ഏജന്‍സികളുമായി ആലോചിക്കാതെയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, റിപ്പോര്‍ട്ട് വൈറ്റ്ഹൗസ് തള്ളി. റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇന്റലിജന്‍സ് രഹസ്യങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ട്രംപിന്റെ ദേശീയ സുരക്ഷാ വക്താവ് മക്മാസ്റ്റര്‍ പറഞ്ഞു. ഇദ്ദേഹവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. എഫ്.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജയിംസ് കോമിയെ പുറത്താക്കിയതിനു ശേഷമാണ് കൂടിക്കാഴ്ച നടന്നത്.
കൂടിക്കാഴ്ചക്കിടെ തീവ്രവാദം നേരിടുന്നതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍, സൈനികപരമോ മറ്റോ ആയ ഒരു വിവരവും കൈമാറിയിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. അതേസമയം, സംഭവം സത്യമാണെങ്കില്‍ അതീവ ഗുരുതരമാണെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധി ബോബ് കോര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ, സംഭവത്തെ ന്യായീകരിച്ച് ട്രംപ് തന്നെ രംഗത്തുവന്നു. റഷ്യയുമായി വിവരങ്ങള്‍ പങ്കുവെച്ചത് ശരിയായ തീരുമാനമാണെന്നായിരുന്നു ട്രംപിന്റെ വാദം. പ്രസിഡന്റ് എന്ന നിലയില്‍ റഷ്യയുമായി പല വിവരങ്ങളും പങ്കുവെക്കേണ്ടിവരും. അത് ശരിയാണ്. തീവ്രവാദം, വിമാന യാത്രികരുടെ സുരക്ഷിതത്വം എന്നീ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് പങ്കുവെച്ചത്. മാനുഷികപരമായ കാരണങ്ങളാല്‍ ഭീകരതക്കെതിരായ പോരാട്ടത്തില്‍ റഷ്യയുടെ പിന്തുണ വേണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല