സ്വന്തം ലേഖകന്‍: യോഗ്യതയുള്ളവര്‍ മാത്രം യുഎസിലേക്ക് വന്നാല്‍ മതിയെന്ന് ട്രംപ്; ഇത് മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യമാണെന്ന് സെനറ്റര്‍ കമല ഹാരിസ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും അനധികൃതമായി ആരും ഇവിടേക്കു വരുന്നത് അംഗീകരിക്കാനാകില്ലെന്നും ആവര്‍ത്തിച്ച പ്രസിഡന്റ് ട്രംപ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം ആളുകള്‍ അമേരിക്കയിലേക്കു വന്നാല്‍ മതിയെന്നും തുറന്നടിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.
മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയുമായിരുന്നു യുഎസ് അധികൃതര്‍. ഇതിനെതിരെ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നതോടെ കുട്ടികളെ അച്ഛനമ്മമാരില്‍നിന്നു വേര്‍പിരിക്കുന്ന നടപടി കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു.
മാനവരാശിക്കെതിരായ കുറ്റകൃത്യമാണ് യുഎസില്‍ ട്രംപ് ഭരണകൂടം നടപ്പാക്കുന്നതെന്ന് ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വ്യക്തമാക്കി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ യുഎസ് അറസ്റ്റു ചെയ്ത അഭയാര്‍ഥികളെ പാര്‍പ്പിച്ച കേന്ദ്രത്തില്‍ മക്കളില്‍നിന്നു വേര്‍പെടുത്തപ്പെട്ട അമ്മമാരെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. അഭയാര്‍ഥി കേന്ദ്രങ്ങള്‍ തടവറകള്‍ക്കു തുല്യമാണെന്നു വിലയിരുത്തിയ അവര്‍ വേര്‍പെടുത്തപ്പെട്ട കുടുംബങ്ങളെ ഉടന്‍ ഒരുമിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല