സ്വന്തം ലേഖകന്‍: യുഎസില്‍ പ്രസിഡന്റ് ട്രംപ് യുഗം തുടങ്ങി, തീവ്രവാദം തുടച്ചുനീക്കുമെന്നും അമേരിക്കയെ മഹത്തരമാക്കുമെന്നും കന്നി പ്രസംഗത്തില്‍ ട്രംപ്. അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡോണള്‍ഡ് ജെ. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സത്യപ്രതിജ്ഞ. വാഷിങ്ടണിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സാണ് ട്രംപിനു സത്യവാചകം ചൊല്ലിക്കൊടുത്തത്.
വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഭാര്യ മെലാനിയയെയും കുടുംബാംഗങ്ങളെയും ആലിംഗനം ചെയ്ത് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബായ്ക്കു ഹസ്തദാനവും നല്‍കിയാണ് ട്രംപ് സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. സത്യപ്രതിജ്ഞയ്ക്കുശേഷം നടന്ന കന്നിപ്രസംഗത്തില്‍ ഇസ്ലാമിക തീവ്രവാദത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്ത മുഴുവന്‍ പേര്‍ക്കും നന്ദി പ്രകാശിപ്പിക്കാനും മറന്നില്ല.
ഇനി മുതല്‍ അമേരിക്കയുടെ കുതിപ്പു മാത്രമായിരിക്കും ലക്ഷ്യം. അമേരിക്കയുടെ ഭാവി ശോഭനമാക്കാന്‍ തനിക്കൊപ്പം ഒറ്റമനസോടെ പങ്കാളികളാകാന്‍ അദ്ദേഹം ജനതയെ ആഹ്വാനം ചെയ്തു. രാഷ്ട്ര പുനര്‍നിര്‍മാണമെന്ന മഹത്തായ ദേശീയ ദൗത്യത്തിനായിരിക്കണം പ്രഥമ പരിഗണന. ഇന്നത്തെ സുദിനം അമേരിക്കന്‍ ജനതയുടേതാണ്. വാഷിങ്ടണില്‍ കേന്ദ്രീകരിച്ചിരുന്ന അധികാരം ജനങ്ങള്‍ക്കു കൈമാറിയ ദിവസമാണിന്ന്. ജനം വീണ്ടും ഭരണാധികാരിയായ ദിവസമെന്ന നിലയിലാകും ജനുവരി 20 ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്നും ട്രംപ് പറഞ്ഞു.
വെല്ലുവിളികളും ക്ലേശങ്ങളും തരണം ചെയ്ത് അമേരിക്കയെ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യം. ഒറ്റ ജനതയെന്ന നിലയില്‍ അപരന്റെ വേദനയും അവന്റെ സ്വപ്‌നങ്ങളും നമ്മുടേതുകൂടിയായി കാണണം. ‘അമേരിക്ക ആദ്യം’ എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രവൃത്തിയില്ലാതെ പ്രഖ്യാപനം മാത്രം നടത്തുന്ന രാഷ്ട്രീയക്കാരെ അംഗീകരിക്കില്ല. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം ആവര്‍ത്തിച്ചാണ് ട്രംപ് പ്രസംഗം അവസാനിപ്പിച്ചത്.
ഒബാമ ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ട്രംപ് ഭരണത്തിലും തുടരുമെന്നാണ് സൂചന. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ സുപ്രധാന പദവികളില്‍ നിയമിക്കപ്പെട്ട 50 ഉന്നത ഉദ്യോഗസ്ഥര്‍ ഡോണള്‍ഡ് ട്രംപിന്റെ കീഴിലും തുടരുമെന്നു വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്രംപ് ബോധവാനാണ്. നിലവിലുള്ള ഭരണകൂടത്തില്‍ സുപ്രധാന പദവികളിലുള്ളവരെ അതേപോലെ നിലനിര്‍ത്താനാണു പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശമെന്നും സ്‌പൈസര്‍ പറഞ്ഞു.
പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി റോബര്‍ട്ട് വര്‍ക്, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനോണ്‍, ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഇടക്കാല മേധാവി ചക് റോസന്‍ബര്‍ഗ്, ഐ.എസിനെതിരായ പോരാട്ടത്തിലെ ഒബാമയുടെ പ്രത്യേക പ്രതിനിധി ബ്രെറ്റ് മക്ഗര്‍ക്, ട്രഷറി വകുപ്പിലെ ഉന്നതന്‍ ആദം സുബിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഭരണം മാറിയാലും ഉടനെ സ്ഥാനചലനം ഉണ്ടായേക്കില്ല.
അതേസമയം, അധികാരമേറ്റശേഷം പ്രസിഡന്റ് ട്രംപ് ആദ്യമായി ഒപ്പു വയ്ക്കാന്‍പോകുന്ന ഉത്തരവുകള്‍ സംബന്ധിച്ചു പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വക്താവ് തയാറായില്ല. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ആഴ്ചയില്‍ വിദേശ നേതാക്കളാരും ട്രംപിനെ സന്ദര്‍ശിക്കാന്‍ വൈറ്റ്ഹൗസില്‍ എത്തില്ലെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല