സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന് ടാഗ് ചെയ്തപ്പോള്‍ ആളുമാറി, തെറ്റി ടാഗ് ചെയ്ത ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് വനിതയായ തെരേസ മേ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്ന് ‘പുറത്തിറങ്ങാന്‍’ പറ്റാത്ത അവസ്ഥയിലാണെന്ന് തെരേസ മേ സ്‌ക്രീവ്‌നെര്‍ എന്ന ബ്രിട്ടീഷ് വനിതയാണ് പരാതിപ്പെടുന്നു.
തനിക്കു നേരിട്ട പ്രശ്‌നങ്ങളുടെ പേരില്‍ ട്രംപ് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി തെരേസ മേ ആണെന്നു കരുതി ട്രംപ് ട്വിറ്ററില്‍ ‘ടാഗ്’ ചെയ്തത് സ്‌ക്രീവ്‌നെറെയായിരുന്നു. ബ്രിട്ടിഷ് വനിതയായ തെരേസ 2009 ലാണ് ട്വിറ്ററില്‍ @TheresaMay എന്ന പേരില്‍ അക്കൗണ്ടുണ്ടാക്കിയത്. ആ ട്വിറ്റര്‍ ഹാന്‍ഡ്ല്‍ ട്രംപ് അബദ്ധത്തില്‍ ടാഗ് ചെയ്യുകയായിരുന്നു.
ലക്ഷ്യം വയ്‌ക്കേണ്ടത് തന്നെയല്ലെന്നും യുകെയില്‍ വിളയാടുന്ന ഭീകരവാദത്തെയാണെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അമേരിക്കയില്‍ യാതൊരു കുഴപ്പവുമില്ലെന്നും ട്രംപ് കുറിച്ചു. എന്നാല്‍ ട്വീറ്റ് വൈറലായതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. വര്‍ഗീയ വിദ്വേഷം നിറഞ്ഞ ട്വീറ്റുകള്‍ ട്രംപ് റീട്വീറ്റ് ചെയ്തതിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി നേരത്തേ വിമര്‍ശിച്ചിരുന്നു.
ട്രംപ് ടാഗ് ചെയ്തതോടെ വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത വിധം മാധ്യമപ്പട വളഞ്ഞിരിക്കുകയാണ് ഇവരെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോണ്‍വിളികളും എത്തുന്നു. ഏതാനും ഫോളോവര്‍മാര്‍ മാത്രമുണ്ടായിരുന്നത് ഒറ്റ ദിവസം കൊണ്ട് 1300 ലേറെയായി. 4.2 ലക്ഷത്തിലേറെ ഫോളോവര്‍മാരുണ്ട് യുകെ പ്രധാനമന്ത്രിയായ തെരേസയ്ക്ക്. എന്തായാലും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പേരു മാറ്റാന്‍ ഉദ്ദേശമില്ലെന്ന നിലപാടിലാണ് സ്‌ക്രീവ്‌നെര്‍.
അബദ്ധം തിരിച്ചറിഞ്ഞതോടെ യഥാര്‍ഥ തെരേസ മേയെ ട്രംപ് ടാഗ് ചെയ്യുകയും ചെയ്തു. എന്നാല്‍ ട്വീറ്റ് ചെയ്യും മുന്‍പ് ഒന്നാലോചിച്ചു ചെയ്താല്‍ നല്ലതാണെന്നാണ് സ്‌ക്രീവ്‌നെര്‍ യുഎസ് പ്രസിഡന്റിനു നല്‍കുന്ന ഉപദേശം. ‘ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ തലവനു തന്നെ ഇത്തരത്തില്‍ തെറ്റുപറ്റി എന്ന് ഓര്‍ക്കണം. മാപ്പു പറഞ്ഞു കൊണ്ടുള്ള ഒരു ഫോണ്‍കോള്‍ വൈറ്റ് ഹൗസില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്,’ നാല്‍പത്തിയൊന്നുകാരിയായ സ്‌ക്രീവ്‌നെര്‍ വാശിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല