സ്വന്തം ലേഖകന്‍: താലിബാനുമായുള്ള എല്ലാം ചര്‍ച്ചകളും അവസാനിച്ചതായി യു.എസ്! പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. രാജ്യത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ട്രംപ് പറഞ്ഞു. എന്നാല്‍ ഏകപക്ഷിയമായ പിന്‍മാറ്റം അമേരിക്കക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്ന് താലിബാന്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതടക്കമുള്ള സമാധാന കരാറിന് യു.എസും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് യു.എസ് പൂര്‍ണമായും പിന്‍മാറുന്നത്. കഴിഞ്ഞ കൂറെ മാസങ്ങളായി നടത്തുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതായി ട്രംപ് അറിയിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അവര്‍ മരിച്ചതായും വൈറ്റ് ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലുള്ള 14000ത്തിലധികം വരുന്ന സൈന്യത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ട്രംപ് കൂട്ടി ചേര്‍ത്തു. അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം ട്രംപിന്റെ പ്രധാന വിദേശനയങ്ങളിലൊന്നാണ്. എന്നാല്‍ ചര്‍ച്ച റദ്ദാക്കുന്നത് യു.എസിന് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്നും വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുമെന്നും യു.എസിന്റ സമാധാന വിരുദ്ധ നിലപാട് തുറന്ന് കാണിക്കുന്നതാണെന്നും താലിബാന്‍ അറിയിച്ചു.
അഫ്ഗാനികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അവസരം കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്നും താലിബാന്‍ അറിയിച്ചു. അതേ സമയം സെപ്തംബര്‍ 28ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് സമാധാനം ഉറപ്പാക്കുന്നതിനായി താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് അഷ്‌റഫ് ഗനി ശ്രമങ്ങള്‍ തുടരുകയാണ്.
20 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാനായി സമാധാന കരാര്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ താലിബാനുമായി മാസങ്ങളായി നടത്തുന്ന രഹസ്യ ചര്‍ചയില്‍ നിന്ന് ശനിയാഴ്ച്ചയാണ് യു.എസ് പിന്‍മാറിയത്. കഴിഞ്ഞയാഴ്ച്ച കാബൂളിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ എറ്റെടുക്കുകയും സംഭവത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടതുമാണ് യു.എസിനെ ചൊടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല