സ്വന്തം ലേഖകൻ: നിര്‍ണായക സംസ്ഥാനങ്ങളില്‍ നിന്നുള്ള പിന്തുണ നേടാനുള്ള യത്‌നത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. അതിനായി എന്തു വാഗ്ദാനവും നല്‍കാന്‍ അദ്ദേഹം തയാറുമാണ്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹം ചെയ്ത കുടിയേറ്റ വിരുദ്ധ നടപടികള്‍ ഇത്തരം സംസ്ഥാനങ്ങളില്‍ ഏറെ ജനപ്രിയവുമാണ്.
അതുകൊണ്ടുതന്നെ 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കുടിയേറ്റം തടയാനുള്ള വിശാലമായ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ട്രംപ് വാഗാദാനം ചെയ്യുമ്പോള്‍ അതിനുള്ള സ്വീകാര്യത നന്നായി ലഭിക്കുകയും ചെയ്യുന്നുണ്ട്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടാകട്ടെ ട്രംപിന്റ വാഗ്ദാനത്തില്‍ ആകൃഷ്ടനായി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് മുന്‍ പ്രസിഡന്റിന് ഏറെ ആവേശമാവുകയും ചെയ്തു.
മുന്‍ യുഎസ് പ്രസിഡന്റിന്റെ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിച്ചുള്ള സ്ഥലം തന്നെയായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിക്ക് സമീപം നടന്ന പരിപാടി എന്നാണ് അദ്ദേഹത്തിന്റെ അണികള്‍ പറയുന്നത്. അടുത്ത വര്‍ഷം ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനെ വെല്ലുവിളിക്കാന്‍ റിപ്പബ്ലിക്കന്‍ നോമിനേഷനില്‍ മുന്‍നിരക്കാരനായ ട്രംപ്, ടെക്സാസിലെ എഡിന്‍ബറോയിലേക്ക് ടെക്സാസ് നാഷണല്‍ ഗാര്‍ഡ് സൈനികരെയും ടെക്സാസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ട്രൂപ്പേഴ്സിനെയും അവിടെ നിലയുറപ്പിച്ചിരിക്കുന്ന മറ്റ് സേവന അംഗങ്ങളെയും സന്ദര്‍ശിക്കാന്‍ അബോട്ടിനൊപ്പം പോവുകയായിരുന്നു.
ബൈഡന്റെ അതിര്‍ത്തി നയങ്ങള്‍ അമേരിക്കയിലുടനീളമുള്ള സമൂഹങ്ങള്‍ക്ക് അപകടമാണെന്ന് അബോട്ട് പറഞ്ഞു. പ്രസിഡന്റായിരുന്ന കാലത്ത് ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് അതിര്‍ത്തി കടന്നുകയറ്റങ്ങള്‍ വെട്ടിക്കുറച്ചതിന് ട്രംപിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ‘ഞങ്ങളുടെ പ്രസിഡന്റായി ജോ ബൈഡന്റെ നേതൃത്വത്തില്‍ അമേരിക്കയ്ക്ക് തുടരാന്‍ ഒരു വഴിയുമില്ലെന്ന് നിങ്ങളോട് പറയുന്നു. ഞങ്ങള്‍ക്ക് അതിര്‍ത്തി സുരക്ഷിതമാക്കാന്‍ പോകുന്ന ഒരു പ്രസിഡന്റിനെ വേണം.’- ആബട്ട് പറഞ്ഞു.
അബട്ടിന്റെ അംഗീകാരം തനിക്ക് ആദരവാണെന്ന് ട്രംപ് പറഞ്ഞു. ‘ഇത് എനിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അതിര്‍ത്തിയെക്കുറിച്ച് നിങ്ങള്‍ ഇനി വിഷമിക്കേണ്ടതില്ല, ഗവര്‍ണര്‍ … ടെക്‌സാസിലോ അരിസോണയിലോ മറ്റെവിടെയെങ്കിലുമോ അതിര്‍ത്തിയെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല.’- ആവേശഭരിതരായ ശ്രോതാക്കളോട് ട്രംപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല