സ്വന്തം ലേഖകന്‍: വെനസ്വേലയ്ക്ക് നേരെ ആക്രമണ ഭീഷണി മുഴക്കി ട്രംപ്, പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ നടപടികള്‍ക്ക് തടയിടുമെന്ന് മുന്നറിയിപ്പ്, ട്രംപിന്റെ ഭീഷണി പുച്ഛിച്ച് തള്ളി വെനിസ്വേല. ഉത്തര കൊറിയക്ക് പിന്നാലെ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ ആവശ്യമെങ്കില്‍ സൈനിക നടപടി എടുക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
നിക്കോളാസ് മഡുറോയുടേത് ഏകാധിപത്യ നടപടി എന്ന് വിശേഷിപ്പിച്ച് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വേണ്ടി വന്നാല്‍ സൈനിക നടപടിക്കും മടിക്കില്ല എന്ന മുന്നറിയിപ്പ് ഡോണള്‍ഡ് ട്രംപ് നല്‍കിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയശേഷമായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ട്രംപിന്റെ നിലപാടിനോട് രൂക്ഷമായാണ് വെനസ്വേല പ്രതികരിച്ചത്.
രാജ്യത്തിന്റെ പരമാധികരത്തിന് മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാനാകൂ എന്ന് വെനസ്വേലയുടെ വിദേശകാര്യമന്ത്രി ജോര്‍ജ് അരീസാ പ്രതികരിച്ചു. ട്രംപിന്റെ നിലപാട് രാജ്യത്തെ സമാധാന അന്തരീക്ഷത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ വെനസ്വേലന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയില്‍ പരസ്പരം ഭീഷണി മുഴക്കി വഷളായ കൊറിയന്‍ അമേരിക്കന്‍ ബന്ധം മെച്ചപ്പെടുത്താന്‍ ചൈന മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല