1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2017

സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തുകാരേയും നിയന്ത്രിച്ചില്ലെങ്കില്‍ ആ പണി സൈന്യത്തെ ഏല്‍പ്പിക്കും, മെക്‌സിക്കോയെ ഭീഷണിപ്പെടുത്തി ട്രംപ്. യുഎസ്, മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായി രേഖകള്‍ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മെക്‌സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപിന്റെ ഭീഷണി. കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തും തടയാന്‍ മെക്‌സിക്കോയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ സൈന്യം അതിന് തയ്യാറാണെന്ന് ട്രംപ് നീറ്റോയെ അറിയച്ചതായി എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ സൈന്യം കള്ളക്കടത്തുകാരെയും അക്രമികളെയും കണ്ട് ഒളിച്ചിരിക്കുകയാണ് അമേരിക്കന്‍ സൈന്യം അങ്ങനെയല്ല എന്ന് അറിയാമല്ലോ എന്നും ട്രംപ് സംഭാഷണത്തിനിടെ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ ബാഡ് ഹോംബ്‌റെസ്’ എന്നാണ് കുടിയേറ്റക്കാരെയും മയക്കുമരുന്ന് കടത്തുകാരെയും ട്രംപ് വിശേഷിപ്പിച്ചത്.

ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് കുടിയേറ്റ വിലക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് മെക്‌സിക്കോയ്ക്കു നേരെ തിരിയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് നീറ്റോയെ വിളിച്ച് ട്രംപ് ഈ സൂചന കൊടുത്തത്. എന്നാല്‍ ട്രംപ് ഉദ്ദേശിച്ചത് മെക്‌സിക്കന്‍ മയക്കുമരുന്നു കടത്തുകാരെയാണോ അനധികൃത കുടിയേറ്റക്കാരെയാണോ എന്ന് കൃത്യതയില്ല. ഇക്കാര്യത്തില്‍ നീറ്റോയും ഒരു പ്രതികരണവും നടത്തിയിട്ടില്ല.

അതേസമയം പ്രചരണ കാലത്ത് പ്രസംഗങ്ങളില്‍ നടത്തിയിരുന്ന അതേ വിവരക്കേട് പ്രസിഡന്റ് ആവര്‍ത്തിക്കുന്നതായി വിമര്‍ശനം ശക്തമാകുകയുമാണ്. നേരത്തേ അമേരിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ മെക്‌സിക്കോയില്‍ നിന്നും പണം വാങ്ങുമെന്ന വിവാദ വെളിപ്പെടുത്തല്‍ ട്രംപ് നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മെക്‌സിക്കോ തയ്യാറായിട്ടില്ല.

മെക്‌സിക്കന്‍ അധികൃതര്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ലെങ്കിലും ഇതേ വാര്‍ത്ത വാര്‍ത്ത മെക്‌സിക്കന്‍ വെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ട്രംപ് പെനാ നീറ്റോയെ ആക്ഷേപിച്ചെന്ന രീതിയിലാണ് വാര്‍ത്ത. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ച് മെക്‌സിക്കന്‍ വിദേശകാര്യ വിഭാഗവും രംഗത്ത് വന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കാര്യങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കണം എന്ന തരത്തിലാണ് ഫോണ്‍ സംഭാഷണം നടന്നതെന്ന് ഇവര്‍ പറയുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രചരണത്തിനിടയില്‍ മെക്‌സിക്കന്‍ തെമ്മാടികളെയും മയക്കുമരുന്നു കടത്തുകാരെയും താന്‍ പ്രസിഡന്റായാല്‍ നിയന്ത്രിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അന്നും ‘ബാഡ് ഹോംബേര്‍സ്’ എന്ന വാക്കാണ് ട്രംപ് ഉപയോഗിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.