സ്വന്തം ലേഖകന്‍: അതിര്‍ത്തി മതിലില്‍ തട്ടി ഭരണ സ്തംഭനം; അമേരിക്ക അടിയന്തരാവസ്ഥയിലേക്കെന്ന് ഭീഷണി മുഴക്കി ട്രംപ്. അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ സെനറ്റ് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ യുഎസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇടക്കാല ധനവിനിയോഗ ബില്ലില്‍ മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് ഉള്‍പ്പെടുത്താനാവില്ലെന്നു പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
ധനവിനിയോഗബില്‍ പാസാകാത്തതിനാല്‍ രാജ്യം ട്രഷറിസ്തംഭനം നേരിടുകയാണ്. ഡിസംബര്‍ 28 മുതല്‍ എട്ടു ലക്ഷം ജീവനക്കാര്‍ക്കു ശന്പളം ലഭിച്ചിട്ടില്ല. സ്തംഭനം, മാസങ്ങളോ വേണ്ടിവന്നാല്‍ വര്‍ഷങ്ങളോ നീട്ടാന്‍ താന്‍ മടിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അതിവേഗം മതില്‍നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ മതില്‍. ഇതിന് 500 കോടി ഡോളറാണ് ട്രംപ് ആവശ്യപ്പെടുന്നത്. യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭ ഇതംഗീകരിച്ചു. എന്നാല്‍, സെനറ്റില്‍ പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ എതിരു നില്‍ക്കുകയാണ്. ധനവിനിയോഗ ബില്‍ പാസാക്കാന്‍ വേണ്ട 60 അംഗസഖ്യ ഭരണകക്ഷിയായ റിപ്പബ്ലിക്കന്മാര്‍ക്കില്ല. മതിലിനു പണം വകയിരുത്താത്ത ബില്ലില്‍ ഒപ്പിടില്ലെന്നു ട്രംപ് നേരത്തേതന്നെ പറഞ്ഞിരുന്നു.
അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ ഭീഷണിയില്‍ കാര്യമില്ലെന്നാണു വിലയിരുത്തല്‍. പ്രതിപക്ഷവുമായുള്ള ചര്‍ച്ചയില്‍ മേല്‍ക്കൈ നേടാന്‍ വേണ്ടി മാത്രമായിരിക്കാം അദ്ദേഹം ഇതു പറഞ്ഞതെന്നു നിരീക്ഷകര്‍ കരുതുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ പ്രതിപക്ഷം പ്രസിഡന്റിന്റെ അധികാരങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല