1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2018

സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതിലില്‍ തട്ടി യുഎസില്‍ ഭരണസ്തംഭനം; ശമ്പളം കിട്ടാതെ വലഞ്ഞ് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍; പണം കിട്ടിയില്ലെങ്കില്‍ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് ട്രംപിന്റെ ഭീഷണി. യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ പണം വകയിരുത്താതെ ഭരണച്ചെലവ് ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന ട്രംപിന്റെ നിര്‍ബന്ധത്തിനു പ്രതിപക്ഷത്തെ ഡെമോക്രറ്റുകള്‍ വഴങ്ങാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

സെനറ്റില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമില്ല. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച പ്രതിസന്ധിയില്‍ 8 ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങി. ഇരുകൂട്ടരും പരസ്പരം പഴിക്കുന്നതു തുടരുമ്പോള്‍ ഭരണസ്തംഭനം പുതുവര്‍ഷത്തേക്കു തുടരുന്ന സ്ഥിതിയാണ്. 3,200 കിലോമീറ്റര്‍ അതിര്‍ത്തി മതിലിനായി 500 കോടി ഡോളറാണ് ട്രംപ് ആവശ്യപ്പെടുന്നത്.

യുഎസ്‌മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് പണം അനുവദിക്കുന്നതില്‍ ഡെമോക്രാറ്റുകള്‍ തടസം സൃഷ്ടിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ അതിര്‍ത്തി പൂര്‍ണമായും അടച്ചിടുമെന്നു ട്രംപ് മുന്നറിയിപ്പു നല്‍കി. കുടിയേറ്റ നിയമം തിരുത്തിയെഴുതണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. നാഫ്ത കരാര്‍ പ്രകാരം മെക്‌സിക്കോയുമായുള്ള വാണിജ്യത്തില്‍ പ്രതിവര്‍ഷം അമേരിക്കയ്ക്ക് 7500കോടി ഡോളറിന്റെ നഷ്ടമാണുണ്ടാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുസഭകളിലും ഭൂരിപക്ഷ അംഗീകാരം ഉണ്ടെങ്കിലേ ബജറ്റ് പാസാക്കാനാകൂ. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിക്കാത്ത പക്ഷം അമേരിക്കയില്‍ നിലനില്‍ക്കുന്ന ഭരണപ്രതിസന്ധി തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലെത്തുന്ന അഭയാര്‍ത്ഥികളെ തടയാന്‍ വേണ്ടിയാണ് മതില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.