സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ വംശജരെ സുഖിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വഴിത്തിരിവ്. ട്രംപിന്റെ പ്രചാരണവിഭാഗം മാനേജര്‍ പോള്‍ മനഫോര്‍ട്ട് രാജിവച്ചതിന് പിറകേ വെള്ളിയാഴ്ച നോര്‍ത്ത് കരോളീനയില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ആഫ്രിക്കന്‍ വംശജരെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയത്.
തന്നെ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്കെന്താണ് നഷ്ടപ്പെടാനുള്ളതെന്ന് കരോളീനയിലെ തന്റെ പ്രസംഗത്തിനിടെ ആഫ്രോഅമേരിക്കന്‍ വംശജരോടായി ട്രംപ് ചോദിച്ചു. ആഫ്രിക്കന്‍ വംശജര്‍ ദാരിദ്രത്തിലാണെന്നും അവരുടെ സ്‌കൂളുകള്‍ മോശമാണെന്നും പറഞ്ഞ ട്രംപ്, ഡെമോക്രാറ്റുകള്‍ക്ക് വീണ്ടും വോട്ടു ചെയ്താല്‍ ഇതേ അവസ്ഥ തുടരുമെന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അമേരിക്കക്കാര്‍ക്ക് തൊഴില്‍ സൃഷ്ടിച്ചു കൊടുക്കുന്നതിനേക്കാളേറെ അഭയാര്‍ത്ഥികള്‍ക്ക് തൊഴില്‍ കൊടുക്കാനാണ് ഹിലരി ക്ലിന്റെന് താത്പര്യമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഇക്കുറി അധികാരത്തിലെത്തിയാല്‍ 2020ലെ തിരഞ്ഞെടുപ്പില്‍ 95 ശതമാനം ആഫ്രിക്കന്‍ വംശജരുടെ വോട്ടും നേടി താന്‍ വിജയം ആവര്‍ത്തിക്കുമെന്നും അവകാശപ്പെട്ടു.
ഈ വാരം നടത്തിയ മൂന്ന് പ്രസംഗങ്ങളിലും ഹിലാരി ക്ലിന്റനെ കടന്നാക്രമിച്ച ട്രംപ് ഇപ്പോള്‍ വോട്ടു ചോദിച്ചു കൊണ്ടുള്ള ടിവി പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നേരത്തെ ട്രംപിന്റെ പ്രചാരണ വിഭാഗം മാനേജര്‍ മാനഫോര്‍ട്ടിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന വിലയിരുത്തല്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
ട്രംപിന്റെ പ്രചരണരീതികളെക്കുറിച്ച് മോശം ധാരണ പരത്തുന്ന ചില ലേഖനങ്ങള്‍ വന്നതും, ചില റഷ്യന്‍ഉക്രൈന്‍ കമ്പനികളും വ്യക്തികളുമായുളള മനഫോര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകളും അദ്ദേഹത്തിന് ട്രംപ് ക്യാമ്പില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രംപിന്റെ പ്രചാരണ ഗതിയിലെ നിര്‍ണായക വഴിത്തിരിവാണ് വെള്ളിയാഴ്ചയിലെ പ്രസംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പോള്‍ മാനഫോര്‍ട്ട് ബുധനാഴ്ച രാജിവച്ചതോടെ ട്രംപിന്റെ പ്രചാരണ രീതികളിലും ഇനി വ്യത്യാസമുണ്ടാക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല