സ്വന്തം ലേഖകന്‍: കുടിയേറ്റ നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ്, ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ അടുത്തയാഴ്ച. വൈറ്റ് ഹൗസില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തല്‍. കുടിയേറ്റ നിരോധനത്തില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും അന്തിമ വിജയം തനിക്കൊപ്പമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.കോടതി കൈവിട്ടാല്‍ പുതിയ നിയമം തന്നെ കൊണ്ടുവന്നേക്കാമെന്നും ട്രംപ് സൂചന നല്‍കി.
വിസ നിരോധനത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ള തടസങ്ങള്‍ മറികടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു. രാജ്യ സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ ട്രംപ് അമേരിക്കയെ സുരക്ഷിതമായ രാജ്യമാക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചയ്ക്കകം രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു 90 ദിവസത്തേക്കും അഭയാര്‍ഥികള്‍ക്കു 120 ദിവസത്തേക്കും യുഎസിലേക്കു പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജനുവരി ഒടുവിലാണു ട്രംപ് ഒപ്പു വച്ചത്. ഇറാന്‍, ഇറാഖ്, സൊമാലിയ, സുഡാന്‍, സിറയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ നടപടി കീഴ്‌ക്കോടതിയും അപ്പീല്‍ക്കോടതിയും തള്ളിയിരുന്നു.
ഇതിനെതിരെ ട്രംപിന് അപ്പീല്‍ കോടതിയുടെ അഞ്ചംഗ ബഞ്ചിനെയോ സുപ്രീം കോടതിയെയോ സമീപിക്കാവുന്നതാണ്. എന്നാല്‍ അതിനു പകരം പഴുതുകളടച്ച് വിസ നിരോധന നിയമം വീണ്ടും അവതരിപ്പിക്കാന്‍ ട്രംപ് നീക്കം നടത്തുന്നതായാണ് സൂചന. ട്രംപിന്റെ വംശീയതയെ മുന്‍നിര്‍ത്തിയുള്ള ഉത്തവരിനെതിരെ ലോകമെങ്ങും പ്രതിഷേധം ആളിപ്പടര്‍ന്നിരുന്നു. ഇറാന്‍ അടക്കമുള്ള ലോകരാജ്യങ്ങള്‍ വിലക്കിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല