സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ ഹൈന്ദവ സംഘടനയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ്.ശനിയാഴ്ച ന്യൂജഴ്‌സിയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് പ്രസംഗിക്കും. ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയുള്ള ചാരിറ്റി ഇവന്റിലാണ് ട്രംപ് എത്തുന്നത്.
‘റിപ്പബ്ലിക്കന്‍ ഹിന്ദു കൂട്ടായ്മ (ആര്‍.എച്ച്.സി) എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ട്രംപ് ആദ്യമായാണ് ഇന്തോഅമേരിക്കന്‍ വംശജരുടെ പരിപാടിക്കെത്തുന്നത്.
ട്രംപിന്റെ വരവ് ചരിത്ര സംഭവമാകുമെന്ന് ആര്‍.എച്ച്.സി ചെയര്‍മാന്‍ ഷാലി കുമാര്‍ പറഞ്ഞു. ഇതിനു മുന്‍പ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹൈന്ദവ സംഘടനയുടെ പരിപാടിക്ക് എത്തിയിട്ടില്ല. കഴിഞ്ഞ മാസം ട്രംപ് പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തില്‍ യു.എസിലെ ഹൈന്ദവ സമൂഹത്തിന്റെ സേവനത്തെ പ്രശംസിച്ചിരുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപിന്റെ പ്രചാരണത്തിനുമായി പത്തുലക്ഷം ഡോളറില്‍ അധികം സംഘടന സംഭാവന നല്‍കുമെന്നും ഷാലി കുമാര്‍ അവകാശപ്പെട്ടു.
നേരത്തെ മറ്റൊരു വിഭാഗം ഇന്തോഅമേരിക്കന്‍ വംശജര്‍ നടത്തിയ ഫണ്ട് സമാഹരണ പരിപാടികളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും എത്തിയിരുന്നു. നിരവധി ഇന്ത്യന്‍ വംശജരെ ഹിലരിയുടെ പ്രചാരണ സംഘത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല