സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിവാദ പ്രശ്‌നമായ ബ്രെക്‌സിറ്റ് സംബന്ധിച്ച് ഉപദേശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനുകൂല കരാര്‍ നേടിയെടുക്കാനായില്ലെങ്കില്‍ കരാര്‍ കൂടാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരണമെന്നു ബ്രിട്ടനിലെ സണ്‍ഡേ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ തയാറാക്കിയിട്ടുള്ള പിന്‍വാങ്ങല്‍ കരാര്‍ പ്രകാരം ഇയുവില്‍നിന്നു വിട്ടുപോരുന്നതിനായി കൊടുക്കേണ്ട 4900കോടി ഡോളര്‍ (4500കോടി യൂറോ) നല്‍കരുതെന്നും ട്രംപ് നിര്‍ദേശിച്ചു.
മെച്ചപ്പെട്ട കരാര്‍ ഉണ്ടാക്കാനാവുന്നില്ലെങ്കില്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു വാക്കൗട്ട് നടത്തുകയാണു വേണ്ടത്. താനാണ് കരാറിലെ കക്ഷിയെങ്കില്‍ ഇത്രയും വലിയ തുക കൊടുക്കില്ലെന്നും ട്രംപ് പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഇയുവിരുദ്ധനായ നൈജല്‍ ഫരാജിനെ ഉള്‍പ്പെടുത്തണമെന്നും ട്രംപ് നിര്‍ദേശിച്ചു.
തെരേസാ മേ സ്ഥാനമൊഴിയുന്‌പോള്‍ പ്രധാനമന്ത്രിയാവാന്‍ തയാറെടുക്കുന്ന ബോറീസ് ജോണ്‍സനെ പിന്തുണച്ച് കഴിഞ്ഞദിവസം ദ സണ്‍ പത്രത്തിനും ട്രംപ് ഇന്റര്‍വ്യൂ നല്‍കിയിരുന്നു.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ട്രംപ് ഇന്നു ബ്രിട്ടനിലെത്തും. എലിസബത്ത് രാജ്ഞി നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന ട്രംപ് പ്രധാനമന്ത്രി മേയുമായി കൂടിക്കാഴ്ച നടത്തും. ട്രംപിനെതിരേ പ്രതിഷേധ പ്രകടനത്തിനു ചില സംഘടനകള്‍ പദ്ധതിയിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല