സ്വന്തം ലേഖകൻ: വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയെ യു.എസ്സില്‍ ലയിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച് മണിക്കൂറുകള്‍ക്കകമാണ് ട്രംപ് ആവശ്യമുന്നയിച്ചത്. കാനഡയെ യു.എസ്സിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചു. നേരത്തേ യു.എസ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിന്നാലെ ഇതേ കാര്യം ട്രംപ് പറഞ്ഞിരുന്നു.
‘കാനഡയിലെ നിരവധിയാളുകള്‍ യു.എസ്സിന്റെ 51-ാമത്തെ സംസ്ഥാനമാകാന്‍ ഇഷ്ടപ്പെടുന്നവരാണ്. കാനഡയെ നിലനിര്‍ത്തുന്നതിനായി നല്‍കുന്ന സബ്‌സിഡിയും കാനഡയുമായുള്ള ഇടപാടുകളിലെ വ്യാപാരക്കമ്മിയും അമേരിക്കയ്ക്ക് താങ്ങാനാകുന്നതല്ല. ഇതറിയാവുന്ന ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു.’ -ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
‘കാനഡ യു.എസ്സിന്റെ ഭാഗമായാല്‍ പിന്നെ അവിടെ ഇറക്കുമതി താരിഫ് ഉണ്ടാകില്ല. നികുതികള്‍ കുറയുകയും ചെയ്യും. ഇതിനെല്ലാം പുറമെ കാനഡയെ നിരന്തരമായി ചുറ്റിക്കറങ്ങുന്ന റഷ്യന്‍, ചൈനീസ് കപ്പലുകളില്‍ നിന്ന് പൂര്‍ണ്ണമായും സുരക്ഷിതമാകാം. ഒന്നിച്ചുനിന്നാല്‍ എത്ര മഹത്തായ രാജ്യമായിരിക്കും ഇത്.’
അതേസമയം നിയുക്ത യു.എസ്. പ്രസിഡന്റിന്റെ നിര്‍ദേശത്തോട് കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തി വഴി യു.എസ്സിലേക്കുള്ള ആയുധക്കടത്തും അനധികൃത കുടിയേറ്റവും അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കുമേല്‍ 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല