സ്വന്തം ലേഖകന്‍: ഇറാനെ വിശ്വാസമില്ല! ആണവായുധ നിര്‍മാണം നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ നിലനിര്‍ത്തുമെന്ന് ട്രംപ്. ഇറാനെ നിരീക്ഷിക്കുന്നതിനായി ഇറാഖില്‍ സൈന്യത്തെ നിലനിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ യു.എസ് നീക്കം രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രതികരിച്ചു.
അഫ്ഗാനിസ്താനില്‍ നിന്നും സിറിയയില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞ ട്രംപ് ഇറാനെ നിരീക്ഷിക്കാനായി ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇറാഖില്‍ മികച്ച സൗകര്യങ്ങളുള്ള സൈനിക ക്യാമ്പ് നിര്‍മിക്കാന്‍ അമേരിക്ക ഏറെ പണം ചെലവഴിച്ചിട്ടുണ്ടെന്നും, ആരെങ്കിലും ആണവായുധം നിര്മിക്കുന്നുവെങ്കില് അതിനുമുമ്പ് ഞങ്ങള്‍ക്കത് അറിയേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ ഇറാഖില്‍ നിന്ന് ഇറാനെ നിരീക്ഷിക്കാന്‍ അമേരിക്ക ഇതുവരെ അനുവാദം ചോദിച്ചിട്ടില്ലെന്നും , ട്രംപിന്റെ പ്രസ്താവന രാജ്യത്തിന്റെ ദേശീയതയേയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണെന്നും ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പ്രതികരിച്ചു. യു.എസ് സൈന്യത്തിന്റെ സഹായം തേടുന്നത് ഭീകരര്‍ക്കെതിരായ പോരാട്ടത്തിന് മാത്രമാണെന്നും മറ്റു രാജ്യങ്ങളെ നിരീക്ഷിക്കാനല്ലെന്നുമാണ് ഇറാഖിന്റെ നിലപാട്.
കഴിഞ്ഞ ഡിസംബറില്‍ ഇറാഖ് അധികൃതരെ അറിയിക്കാതെ ഐന്‍ അല്‍അസദ് ക്യാമ്പില്‍ ട്രംപ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. സിറിയയില്‍നിന്ന് പിന്‍വലിക്കുന്ന സൈനികരെകൂടി ഇവിടേക്ക് വിന്യസിച്ച് ക്യാമ്പ് വിപുലമാക്കാനാണ് യു.എസ് പദ്ധതി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല