സ്വന്തം ലേഖകന്‍: ‘ഓ! ഇതൊക്കെ എന്ത്!’ കണ്ണട വക്കാതെ ഗ്രഹണ സൂര്യനെ തുറിച്ചു നോക്കി ട്രംപ്. സൂര്യഗ്രഹണ സമയത്ത് നഗ്‌നനേത്രങ്ങള്‍ക്കൊണ്ടു സൂര്യനെ നോക്കിയാല്‍ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് തിങ്കളാഴ്ച വൈറ്റ്ഹൗസിലെ ട്രൂമാന്‍ ബാല്‍ക്കണിയില്‍ നിന്നു ട്രംപ് സൂര്യഗ്രഹണം വീക്ഷിച്ചത്. ഭാര്യ മെലാനിയയും 11 വയസുള്ള മകന്‍ ബാരണും ഒപ്പമുണ്ടായിരുന്നു.
ഗ്രഹണം വീക്ഷിക്കാനുള്ള പ്രത്യേക കണ്ണട വയ്ക്കാതെ ട്രംപ് തലയുയര്‍ത്തി നേരിട്ടു സൂര്യനെ നോക്കി കൈചൂണ്ടി. അടുത്തുണ്ടായിരുന്ന കാമറക്കാര്‍ ദൃശ്യം നന്നായി പകര്‍ത്തി. ഇതിനിടെ, വൈറ്റ്ഹൗസിലെ ഏതോ ജോലിക്കാരന്‍ ‘നോക്കരുത്’ എന്ന് ഒച്ചയെടുത്തു. എന്തായാലും ട്രംപ് പിന്നെ കണ്ണടവച്ചാണ് ഗ്രഹണം കണ്ടത്.
മൂന്നു മണിക്കൂര്‍ ദീര്‍ഘിച്ച തിങ്കളാഴ്ചത്തെ സന്പൂര്‍ണ സൂര്യഗ്രഹണം ടെലിസ്‌കോപുകളും കാമറകളും പ്രത്യേകയിനം കണ്ണടകളും ഉപയോഗിച്ച് ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വീക്ഷിച്ചു. ഗ്രേറ്റ് അമേരിക്കന്‍ എക്ലിപ്‌സ് എന്ന് വിളിക്കപ്പെട്ട ഗ്രഹണം അല്‍പനേരത്തേക്ക് 14 സംസ്ഥാനങ്ങളെ പൂര്‍ണമായും ഇരുട്ടിലാക്കി. ഇതിനു മുന്പ് 1918ലാണ് യുഎസില്‍ സമ്പൂര്‍ണ സൂര്യ ഗ്രഹണം കാണാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല