സ്വന്തം ലേഖകന്‍: ട്രംപ് ഇംപീച്ച് ചെയ്യപ്പെടും, ട്രംപിന്റെ വിജയം പ്രവചിച്ച പ്രഡിക്ഷന്‍ പ്രൊഫസറുടെ പുതിയ പ്രവചനം. ട്രംപിന്റെ വിജയം മുന്‍കൂട്ടി പ്രവചിച്ച പ്രഫസര്‍ അലന്‍ ലിച്ച്മാനാണ് ഇംപീച്ച്‌മെന്റ് നടപടിയിലൂടെ ട്രംപ് പുറത്താക്കപ്പെടുമെന്ന് പറയുന്നത്. കുറ്റവിചാരണയിലൂടെ പ്രസിഡന്റിനെ പുറത്താക്കുന്ന നടപടിയാണ് ഇംപീച്ചമെന്റ്. ഇംപീച്ച്‌മെന്റ് നടപടിയിലൂടെ ട്രംപ് പുറത്തുപോയാല്‍ വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സോ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ നിരയിലെ വിശ്വസ്തനായ മറ്റൊരാളോ തല്‍സ്ഥാനത്തേക്ക് എത്തുമെന്നും ലിച്ച്മാന്‍ പ്രവചിക്കുന്നു.
പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്ന പ്രസിഡന്റിനെയാണ് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്ക് താല്‍പര്യം. ട്രംപിന്റെ വ്യക്തിത്വം പ്രവചനത്തിന് അതീതമാണ്. അതുകൊണ്ട് പാര്‍ട്ടിക്ക് ട്രംപിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പുറത്താക്കാനുള്ള അവസരം ട്രംപ് തന്നെ സൃഷ്ടിക്കും.
സ്വാഭാവികമായും റിപ്പബ്ലിക്കന്‍ നിരയില്‍ വിശ്വസ്തനും മിതവാദിയുമായ മൈക്ക് പെന്‍സിലേക്ക് തിരിയുമെന്നും ലിച്ച്മാന്‍ പ്രവചിക്കുന്നു. രാജ്യത്തെ അപകടപ്പെടുത്തുന്ന തീരുമാനത്തിന്റെ പേരിലാവും ട്രംപ് ഇംപീച്ചമെന്റ് നടപടി നേരിടുകയെന്നും ലിച്ച്മാന്‍ പറയുന്നു. വാഷിങ്ടണ്‍ ഡിസി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിച്ച്മാന്റെ പ്രവചനങ്ങള്‍ ഇതുവരെ തെറ്റാത്ത സ്ഥിതിക്ക് ആകാംക്ഷയോടെയാണ് ജനങ്ങള്‍ പുതിയ പ്രവചനത്തേയും നോക്കിക്കാണുന്നത്.
തെരഞ്ഞെടുപ്പില്‍ ഹിലരി ക്‌ളിന്റണ്‍ മുന്നിലാണെന്ന് മാധ്യമങ്ങളും ജനവും വിശ്വസിച്ചിരിക്കുമ്പോഴാണ് പ്രഡിക്ഷന്‍ പ്രഫസര്‍ എന്നറിയപ്പെടുന്ന ലിച്ച്മാന്‍ ട്രംപ് വിജയിക്കുമെന്ന് പ്രവചിച്ചത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രകടനവും തെരഞ്ഞെടുപ്പുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു തന്റെ പ്രവചനത്തിന് ആധാരമായി ലിച്ച്മാന്‍ എടുത്തുപറഞ്ഞ കാര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല