സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മിഷിഗണില്‍ ട്രംപിന് ചരിത്ര വിജയം. സ്വിങ് സ്റ്റേറ്റുകളിലൊന്നായ മിഷിഗണില്‍ തെരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച പ്രഖ്യാപിച്ചപ്പോള്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. 1988 ശേഷം ആദ്യമായാണ് ട്രംപിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിഷിഗണ്‍ സംസ്ഥാനം ഡമോക്രാറ്റിക്കില്‍ നിന്നും പിടിച്ചെടുക്കുന്നത്.
നവംബര്‍ എട്ടിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 20 ദിവസം പിന്നിട്ടപ്പോഴായിരുന്ന ഫലപ്രഖ്യാപനം. ഇതോടെ ട്രംപിന് 16 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. സംസ്ഥാനത്തു പോള്‍ ചെയ്ത 4.8 മില്യണ്‍ വോട്ടുകളില്‍ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിന് ലഭിച്ചത്. ആകെയുളള 538 ഇലക്ടറല്‍ വോട്ടുകളില്‍ 306 എണ്ണം ട്രംപും 232 എണ്ണം ഹില്ലരിയും നേടി. അതിനിടെ മിഷിഗണിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
മിഷിഗണ്‍, പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍ എന്നീ സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണണം എന്നാവശ്യപ്പെട്ടാണ് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റീന്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചിരിക്കുന്നത്. ഔദ്യോഗികമായി ഈ മൂന്നു സംസ്ഥാനങ്ങളിലും ട്രംപാണ് വിജയിച്ചത്. ക്രമക്കേടുകള്‍ നടത്തിയാണ് ട്രംപ് ഭൂരിപക്ഷം നേടിയതെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ കോളജുകളുടെ ഭൂരിപക്ഷം വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല