സ്വന്തം ലേഖകന്‍: വെള്ളപ്പൊക്ക ഇരകള്‍ക്ക് 10 ലക്ഷം ഡോളര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ച് ട്രംപ്. ടെക്‌സാസിനെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്ക ഇരകള്‍ക്ക് സഹായമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 10 ലക്ഷം ഡോളര്‍ അദ്ദേഹത്തിന്റെ സ്വന്തം പണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കാബീ സാന്‍ഡേഴ്‌സാണ് വ്യക്തമാക്കിയത്. ടെക്‌സാസിലും ലൂസിയാനയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കയ്യില്‍ നിന്നും പണം മുടക്കുന്നതില്‍ അദ്ദേഹത്തിന് അഭിമാനമുണ്ടെന്ന് സാറാ ഹക്കാബി സാന്‍ഡേഴ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞു.
വെള്ളിയാഴ്ച പ്രതിസന്ധി തുടങ്ങിയപ്പോള്‍ വേണ്ട നിര്‍ദേശങ്ങളുമായി സമയത്ത് തന്നെ ട്രംപ് രംഗത്ത് വന്നിരുന്നു. ടെക്‌സാസിലെയും ലൂസിയാനയിലെയും അവസ്ഥയെ ദുരന്തമായി പ്രഖ്യാപിക്കുകയും 8,000 ഉദ്യോഗസ്ഥരെ ദുരിതബാധിത പ്രദേശത്ത് വിന്യസിപ്പിക്കുകയും ചെയ്തിരുന്നു.അമേരിക്കന്‍ റെഡ്‌ക്രോസിന്റെ ബെസ്റ്റ് ഫ്രണ്ട്‌സിലേക്ക് പാട്ടുകാരി മിലി സൈറസ് അഞ്ചു ലക്ഷം ഡോളറും ടെലിവിഷന്‍ താരം കിം കര്‍ദാഷിയാന്റെ കുടുംബം രണ്ടര ലക്ഷം ഡോളര്‍ വീതം അമേരിക്കന്‍ റെഡ്‌ക്രോസിനും സാല്‍വേഷന്‍ ആര്‍മിക്കും സംഭാവന ചെയ്തു.
എന്നാല്‍ ട്രംപും ഭാര്യയും എത്ര വീതമാണ് നല്‍കുന്നതെന്ന് തനിക്കറിയില്ലെന്നും പറഞ്ഞു. അതേസമയം ട്രംപിന്റെ കയ്യില്‍ നിന്നാണോ അതോ അദ്ദേഹത്തിന്റെ ഫൗണ്ടേഷനില്‍ നിന്നാണോ പണമെന്ന കാര്യം വൈറ്റ്ഹൗസ് വ്യക്തമാക്കിയില്ല. വൈറ്റ്ഹൗസില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. സാന്‍ഡേഴ്‌സിന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടു പിന്നാലെ ടെക്‌സാസില്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ട്രംപിന്റെ ട്വീറ്റും എത്തി.
ചൊവ്വാഴ്ച വെള്ളപ്പൊക്ക ബാധിതരെ കാണാനുള്ള ട്രംപിന്റെ യാത്രയില്‍ സാന്‍ഡേഴ്‌സും പങ്കാളിയായിരുന്നു.ഇത്രയും വെള്ളം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ഭയാനകമായ കാറ്റും മഴയുമായിരുന്നു ടെക്‌സാസ് അനുഭവിച്ചതെന്നും ട്രംപ് പ്രതികരിക്കുകയും ചെയ്തു. ശനിയാഴ്ച പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ ട്രംപിന് സുരക്ഷാ കാരണങ്ങളാല്‍ ചില സ്ഥലങ്ങള്‍ കാണാനായില്ല. അതേസമയം പ്രളയക്കെടുതിയില്‍ നിരവധി ഹോളിവുഡ് താരങ്ങളും വന്‍ തുകകള്‍ സംഭാവനയായി നല്‍കി. ഹോളിവുഡ് താരങ്ങളായ ലിയനാര്‍ഡോ ഡികാപ്രിയോയും സാന്ദ്രാ ബുള്ളോക്കും പത്തു ലക്ഷം ഡോളര്‍ വീതമാണ് സംഭാവന ചെയ്തത്.ഹോളിവുഡ് ആക്ഷന്‍താരം റോക്ക്, പാട്ടുകാരിയും നടിയുമായ ജന്നിഫര്‍ ലോറന്‍സ് എന്നിവര്‍ 25,000 ഡോളര്‍ വീതവും സംഭാവന ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല