1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2017

സ്വന്തം ലേഖകന്‍: ട്രംപുമായുള്ള തന്റെ ദാമ്പത്യം തകര്‍ത്ത സുന്ദരിയുടെ പേരു വെളിപ്പെടുത്തി മുന്‍ ഭാര്യ ഇവാനയുടെ പുസ്തകം. റെയിസിംഗ് ട്രംപ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് ഇവാന തുറന്നു പറയുന്നത്. 1977 മുതല്‍ 1992 വരെ നീണ്ട ദാമ്പത്യത്തില്‍ കല്ലുകടിയായത് ട്രംപിന് മാര്‍ലാ മേപ്പിള്‍ എന്ന സത്രീയുമായുണ്ടായ അടുപ്പമായിരുന്നെന്ന് ഇവാന പറയുന്നു.

1989 ഡിസംബറിലാണ് മാര്‍ലാ തന്റെ മുന്നിലെത്തിയതെന്ന് ഇവാന ഓര്‍മ്മിക്കുന്നു. ‘ഞാന്‍ മാര്‍ലാ, ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിനെ പ്രേമിക്കുന്നു, നിങ്ങളോ’ എന്നായിരുന്നു ഇവാനയോട് മാര്‍ലയുടെ ചോദ്യം. മാര്‍ലയോട് പരുഷമായി സംസാരിക്കുകയും തന്റെ ഭര്‍ത്താവിനെ താന്‍ അതിരറ്റ് സ്‌നേഹിക്കുന്നെന്ന് പറയുകയും ചെയ്‌തെങ്കിലും തന്റെ വിവാഹജീവിതം അവസാനിക്കാന്‍ പോവുകയാണെന്ന ഉള്‍വിളി അപ്പോഴുണ്ടായതായി ഇവാന ഓര്‍മിക്കുന്നു.

ട്രംപും മാര്‍ലയുമായുള്ള ബന്ധം ന്യൂയോര്‍ക്ക് ടാബ്ലോയിഡുകളില്‍ പിന്നീട് വലിയ വാര്‍ത്തയായി. ഇവാനയുമായുള്ള വിവാഹമോചനത്തിന് ശേഷം 1993 ല്‍ ട്രംപ് മാര്‍ലയെ വിവാഹം കഴിക്കുകയും ചെയ്തു. അടുത്ത മാസമാണ് ഇവാനയുടെ പുസ്തകം റെയിസിംഗ് ട്രംപ് പുറത്തിറങ്ങുക. വിവാഹ മോചനത്തോടെ തങ്ങളുടെ മൂന്നു മക്കളും ട്രംപില്‍ നിന്ന് മാനസികമായി അകന്നുപോയിരുന്നെന്നും ഇവാന പറയുന്നു. ഒരു വര്‍ഷത്തോളം ഡൊണാള്‍ഡ് ജൂനിയര്‍ അച്ഛനോട് സംസാരിച്ചതു പോലുമില്ലെന്നും പുസ്തകത്തിലുണ്ട്.

ട്രംപുമായുള്ള പ്രണയകാലത്തിന്റെ മനോഹരമായ ഓര്‍മ്മകളും പുസ്തകത്തില്‍ ഇവാന പങ്കുവയ്ക്കുന്നു. കാലക്രമേണ ട്രംപുമായി സൗഹാര്‍ദപരമായ ബന്ധം സൂക്ഷിക്കാന്‍ ഇവാനയ്ക്കായി. ചെക്ക് റിപ്പബ്ലിക് അംബാസിഡറായി പോവാന്‍ ഔദ്യോഗിക അഭ്യര്‍ഥന വന്നെന്ന് ഇവാന കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.