സ്വന്തം ലേഖകന്‍: നവംബറില്‍ ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ട്രംപ്, പട്ടികയില്‍ ഇന്ത്യയില്ല. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷമുള്ള മൂന്നാം വിദേശ പര്യടനത്തില്‍ ജപ്പാന്‍, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക. നവംബര്‍ 3 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇന്തോ, പസഫിക് മേഖലയിലെ ക്ഷേമവും സുരക്ഷയും സ്വതന്ത്രവും നിലനിര്‍ത്തുന്നതിന് ആവശ്യമായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇന്ത്യ അമേരിക്കയുടെ സൗഹൃദ രാജ്യമാണെന്ന് ആവര്‍ത്തിച്ച വൈറ്റ് ഹൗസില്‍ പ്രസ്താവനയില്‍ പക്ഷെ ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശമില്ല. എങ്കിലും ഫിലിപ്പീന്‍സിലെ മനിലയില്‍ നടക്കുന്ന അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) ഉച്ചകോടിയില്‍ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നതിനാല്‍ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്. ജൂണില്‍ യുഎസ് സന്ദര്‍ശന വേളയിലും ജൂലൈയില്‍ ജര്‍മനിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടയിലുമാണ് ഇതിനു മുന്‍പ് ഇരുവരും കണ്ടത്.
മനിലയിലെ കൂടിക്കാഴ്ച സംബന്ധിച്ചു കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നവംബര്‍ മൂന്നു മുതല്‍ 14 വരെയുള്ള ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഭാര്യ മെലാനിയയും ഒപ്പമുണ്ടാകും. യുഎസിനു നേരെ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണി നിലനില്‍ക്കെ ട്രംപിന്റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യവുമുണ്ട്. ഉത്തര കൊറിയയെ നേരിടുന്നതില്‍ ഏഷ്യന്‍ ശക്തികളുടെ പിന്തുണ ഉറപ്പാക്കുകയെന്ന നീക്കവും ട്രംപിന്റെ സന്ദര്‍ശനത്തിനു പിന്നിലുണ്ട് എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല