സ്വന്തം ലേഖകന്‍: കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കല്‍; പിന്നോട്ടില്ലെന്ന് ട്രംപ്; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍. പ്രസിഡന്റ് ട്രംപിന്റെ അഭയാര്‍ഥികളെയും അവരുടെ മക്കളെയും വേര്‍പിരിച്ചു തടവിലാക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെതിരെ ഒട്ടേറെ യുഎസ് നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. വൈറ്റ് ഹൗസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്.
മനുഷ്യത്വമില്ലാത്ത നയം അവസാനിപ്പിക്കണമെന്ന് യുഎസ് കോണ്‍ഗ്രസിലെ ഇന്ത്യന്‍ വംശജ അംഗം പ്രമീള ജയപാല്‍ ട്രംപിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരും വിവിധ മനുഷ്യാവകാശ സംഘടനകളുമാണു പ്രതിഷേധം സംഘടിപ്പിച്ചത്. വാഷിങ്ടനു പുറമേ അറ്റ്‌ലാന്റ, ന്യൂയോര്‍ക്ക്, ഷിക്കാഗോ അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ റാലികള്‍ നടന്നു. കലാകാരന്മാരും സന്നദ്ധപ്രവര്‍ത്തകരും പങ്കെടുത്തു.
എന്നാല്‍, അനധികൃതമായി കടന്നുവരുന്നവരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്യുമെന്നു ട്രംപ് പ്രതികരിച്ചു. 2300 കുട്ടികളെയാണ് മാതാപിതാക്കളില്‍നിന്നു വേര്‍പിരിച്ചു യുഎസില്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളിലാക്കിയത്. ലോകവ്യാപകമായി എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് കുട്ടികളെ വേര്‍പിരിക്കുന്നതു നിര്‍ത്തലാക്കിയിരുന്നു. പക്ഷേ, ഭൂരിഭാഗം കുട്ടികളും ഇനിയും അച്ഛനമ്മമാരുടെ അടുത്തെത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല