സ്വന്തം ലേഖകന്‍: സൈന്യത്തെ ഉപയോഗിച്ച് കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തില്ല, മെക്‌സിക്കോക്ക് അമേരിക്കയുടെ ഉറപ്പ്, ട്രംപ് സ്വരം മയപ്പെടുത്തുന്നു. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റശേഷം മെക്‌സികോ പൗരന്മാരെ നാടുകടത്തുന്ന നടപടി സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് പുതിയ നീക്കം. യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പുനല്‍കിയത്.
മെക്‌സിക്കോയുമായുള്ള വ്യാപാര, കുടിയേറ്റ ബന്ധത്തില്‍ കടുത്ത നിലപാടെടുക്കുന്ന ട്രംപിന്റെ നയങ്ങളില്‍ നേരത്തേ മന്ത്രിമാര്‍ ആശങ്കയറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെല്ലി മെക്‌സിക്കോയില്‍ കൂടിക്കാഴ്ചക്കെത്തിയത്. കൂട്ടത്തോടെ നാടുകടത്തല്‍ ഉണ്ടാകില്ലെന്നും നിയമപരമായി മാത്രമേ നീക്കങ്ങളുണ്ടാകൂ എന്നുമാണ് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുള്ളത്. കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് സൈനികനീക്കമുണ്ടാകുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍, പിന്നീട് സൈനികനീക്കം എന്നതിലൂടെ പ്രസിഡന്റ് ‘കാര്യക്ഷമമായ നീക്ക’മാണ് ഉദ്ദേശിച്ചതെന്ന് തിരുത്തുകയായിരുന്നു.
മൂന്ന് ലക്ഷം ഇന്ത്യക്കാരടക്കം അനധികൃതമായി കഴിയുന്ന ലക്ഷക്കണക്കിന് പേര്‍ പുറത്താക്കല്‍ ഭീഷണിയുടെ നിഴലിലുള്ളത്. നടപടികളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന സൂചനയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്നത്. അതേസമയം മെക്‌സിക്കോക്കാരല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും മെക്‌സിക്കോയിലേക്ക് നാടുകടത്തുമെന്ന ട്രംപിന്റെ നയത്തോട് രൂക്ഷമായ എതിര്‍പ്പുമായി മെക്‌സിക്കോ സര്‍ക്കാര്‍ രംഗത്തെത്തിയത് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം ഉലച്ചിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍മതില്‍ നിര്‍മ്മിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കവും വന്‍ പ്രതിഷേധമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല