സ്വന്തം ലേഖകന്‍: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് തുടക്കം; പ്രതിഷേധ പ്രകടനത്തിന് തയ്യാറെടുത്ത് ആയിരങ്ങള്‍. ബ്രസല്‍സിലെ നാറ്റോ ഉച്ചകോടിക്കുശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. പ്രസിഡന്റായശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഭാര്യ മെലാനിയയും ട്രംപിനെ അനുഗമിക്കുന്നുണ്ട്.
എലിസബത്ത് രാജ്ഞിയുമായും പ്രധാനമന്ത്രി തെരേസ മേയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. അതേസമയം ട്രംപിന്റെ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന സംഘടനകള്‍ വന്‍ പ്രതിഷേധമുയര്‍ത്തുമെന്നാണു സൂചന. ഒരു ലക്ഷത്തിലേറെ ആളുകളെങ്കിലും തെരുവിലിറങ്ങുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പ്രതിഷേധക്കാരെ ഭയന്നു ലണ്ടനില്‍ ട്രംപിന്റെ പരിപാടികള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്.
ബ്രിട്ടനിലുള്ള തങ്ങളുടെ പൗരന്‍മാര്‍ പരമാവധി ജാഗ്രത പാലിക്കണമെന്നു യുഎസ് എംബസി മുന്നറിയിപ്പു നല്‍കി. പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും പ്രസിഡന്റ് ട്രംപിന്റെ സന്ദശനത്തോടു പരസ്യമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, സന്ദര്‍ശനം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് ട്രംപ് ബ്രിട്ടനെ ചൊടിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതും ശ്രദ്ധേയമായി.
തെരേസ മേയെ കാണുന്നതു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ കാണുന്നതിനെക്കാള്‍ പ്രയാസകരമാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാല്‍ ട്രംപുമായി ഏറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നു മാത്രമായിരുന്നു തെരേസ മേയുടെ പ്രതികരണം. സ്‌കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും സ്വന്തമായി ഗോള്‍ഫ് ക്ലബ്ബുള്ള ട്രംപ് സ്‌കോട്‌ലന്‍ഡിലെ ഗോള്‍ഫ് ക്ലബ്ബിലാകും കൂടുതല്‍ സമയം ചെലവഴിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല