1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2018

സ്വന്തം ലേഖകന്‍: ട്രംപിനെതിരായ പ്രതിഷേധവുമായി ലണ്ടന്‍ തെരുവുകളില്‍ ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലധികം പേര്‍; പാരാഗ്ലെഡര്‍ പറത്തി ഗ്രീന്‍പീസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി ഒരു ലക്ഷത്തിലധികം ആളുകളാണ് തലസ്ഥാന നഗരത്തില്‍ എത്തിയത്. ട്രംപ് വിന്‍ഡ്‌സര്‍ കാസിലില്‍ എലിസബത്ത് രാജ്ഞി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുമ്പോള്‍ പോലും പുറത്ത് വന്‍ ജനാവലിയുടെ പ്രതിഷേധ പ്രകടനം നടന്നു.

ഡോണള്‍ഡ് ട്രംപിന്റെ രൂപസാദൃശ്യമുള്ള, കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ മാതൃകയില്‍ തയാറാക്കിയ ആറടി ഉയരമുള്ള കൂറ്റന്‍ ബലൂണിപ്പോള്‍ ലോകത്തിന്റെ ചര്‍ച്ചാവിഷയമായി. 16000 പൗണ്ട് ചെലവില്‍ (ഏകദേശം 15 ലക്ഷം രൂപ) ആണ് കോമാളിച്ചിരിയോടെ ഉള്ള ഈ ബലൂന്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തെ പുച്ഛിക്കുന്ന ട്രംപിന് ഏറ്റവും ഉചിതമായ മറുപടിയാണ് ഈ ബലൂണെന്ന് അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ലിയോ മുറെ പറഞ്ഞു. ട്രംപിന്റെ നയങ്ങള്‍ക്ക് അതേതരത്തില്‍ മറുപടി നല്‍കുന്ന ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തില്‍ ഒരു യു.എസ് പ്രസിഡന്റും നേരിടാത്ത പ്രതിഷേധങ്ങളാണ് ബ്രിട്ടനില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അരങ്ങേറിയത്. ലണ്ടനില്‍ ട്രംപ് വിമാനമിറങ്ങിയതു തന്നെ പ്രതിഷേധക്കാരുടെ നടുവിലേക്കാണ്. ലക്ഷത്തോളം പേരാണ് പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നത്. വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു സമീപമാണ് യു.എസ് പതാകക്കൊപ്പം ബലൂണ്‍ ഉയര്‍ത്തിയത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും പ്രതിഷേധത്തെ നിശ്ശബ്ദമായി പിന്തുണക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ജറമി കോര്‍ബിനും സന്ദര്‍ശനത്തോട് എതിര്‍പ്പാണ്. എന്നാല്‍, ട്രംപിനെ അനുകൂലിക്കുന്ന നൈജല്‍ ഫറാഷും മറ്റും ഈ പ്രതിഷേധത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലണ്ടനില്‍ പ്രതിഷേധങ്ങള്‍ കത്തിപ്പടരുമ്പോള്‍ ട്രംപ്, ഭാര്യ മെലനിയയോടൊപ്പം സ്‌കോട്!ലന്‍ഡിലെ സ്വന്തം റിസോര്‍ട്ടിലെത്തി. ഇവിടെ ഗോള്‍ഫ് കളിയും മറ്റുമായി സമയം ചെലവഴിക്കുന്ന ട്രംപ് ഞായറാഴ്ച വൈകുന്നേരം പുടിനുമായുള്ള കൂട്ടിക്കാഴ്ചയ്ക്കായി ഫിന്‍ല!ന്‍ഡിലേക്കു പുറപ്പെടും. എയിര്‍ഷറിലെ ടേണ്‍ബെറി ഗോള്‍ഫ് റിസോര്‍ട്ടില്‍ ട്രംപ് എത്തിയപ്പോള്‍ പ്രതിഷേധ മുദ്രാവാക്യവുമായി പരിസ്ഥിതി സംഘടന ഗ്രീന്‍പീസ് പാരഗ്ലൈഡര്‍ പറത്തിയതും വിവാദമായി. യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനം പ്രമാണിച്ചു പറക്കല്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്തായിരുന്നു സംഘടനയുടെ സാഹസിക പ്രതിഷേധം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.