സ്വന്തം ലേഖകന്‍: ഒബാമ കെയര്‍ തിരിഞ്ഞുകൊത്തി, ട്രംപിന്റെ ബദല്‍ ആരോഗ്യ പദ്ധതി ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചു. ട്രംപിന്റ പാര്‍ട്ടിയായ റിപബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ വോട്ടിനിട്ടാല്‍ ബില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് വോട്ടടുപ്പിന് തൊട്ടുമുമ്പ് പിന്‍വലിച്ചത്.
ട്രംപിന്റ പുതിയ ആരോഗ്യനയം ഒബാമ കെയറിലെ പല നിയമങ്ങളും നില നിര്‍ത്തുന്നുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. പുതിയ നിയമത്തില്‍ 20 ദശലക്ഷം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സിന്റ ഗുണം ലഭിക്കില്ലെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. 20 റിപബ്‌ളിക്കന്‍ പാര്‍ട്ടി അംഗങ്ങളും ബില്ലിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ കൂടിയതോടെ ബില്‍ പരാജയപ്പെടുമെന്ന് വ്യക്തമാകുകയായിരുന്നു.
435 അംഗ ജനപ്രതിനിധി സഭയില്‍ 235 അംഗങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. ഫ്രീഡം കോക്കസ് എന്ന പേരില്‍ സംഘടിച്ച ഒരുവിഭാഗം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ നിന്നു. ഇതോടെയാണ് പാസാക്കാന്‍ വേണ്ട 216 വോട്ടു ലഭിക്കില്ല എന്നു വ്യക്തമായത്. ബില്ലിന് അനുകൂലമായി വോട്ടുചെയ്യണമെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ബില്ല് പാസാക്കാന്‍ വേണ്ട 216 വോട്ട് കിട്ടില്ലെന്നു ബോധ്യമായതോടെ പിന്‍മാറുകയായിരുന്നു. വേണ്ടതിനേക്കാള്‍ 10–15 വോട്ട് കുറവായിരിക്കും എന്ന് ട്രംപ് തന്നെ വ്യക്തമാക്കി.
തോല്‍വിയില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചു. ഒബാമ കെയര്‍ പദ്ധതി തുടരുന്നതോടെ ചികിത്സാ ചെലവ് വര്‍ധിക്കുന്നത് ജനങ്ങള്‍ കാണേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി. ജനുവരി 20ന് പ്രസിഡന്റ് ആയ ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ വന്‍ പരാജയമാണിത്. ബില്‍ പരാജയപ്പെട്ടതിനു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം ഒബാമകെയര്‍ തടയുമെന്നു മാധ്യമ പ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒബാമ കെയറിനെ ദുരന്തം എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. താന്‍ അധികാരത്തിലെത്തിയാല്‍ ഒബാമ കെയര്‍ നിര്‍ത്തലാക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചികിത്സ കിട്ടുന്ന പദ്ധതിയാണ് 2010ല്‍ നിലവില്‍ വന്ന ഒബാമ കെയര്‍. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള പുതിയ ഇന്‍·ഷുറന്‍സ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല