സ്വന്തം ലേഖകന്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ വിലക്കില്‍ ഇളവ്, കോടതി ഇടപെടല്‍ പരിഹാസ്യമെന്ന് ട്രംപ്, ഇതുവരെ തള്ളിയത് ഒരു ലക്ഷത്തിലേറെ വീസാ അപേക്ഷകള്‍. റദ്ദാക്കാത്ത വീസ ഉള്ളവര്‍ക്കെല്ലാം അമേരിക്കയിലേക്ക് യാത്രചെയ്യാമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വീസ നിയന്ത്രണം യുഎസ് കോടതി സ്റ്റേചെയ്ത സാഹചര്യത്തിലാണ് നടപടി. അതേസമയം സര്‍ക്കാര്‍ നടപടി തടഞ്ഞ സിയാറ്റില്‍ ജില്ലാ ജഡ്ജിയെ ആക്ഷേപിച്ച് പ്രസിഡന്റ് ഡോണള്‍!ഡ് ട്രംപ് രംഗത്തെത്തി.
കോടതിയുത്തരവ് റദ്ദാക്കുമെന്നും സിയാറ്റില്‍ ജില്ലാ ജ!ഡ്ജിയുടെ നടപടി പരിഹാസ്യമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ക്രമസമാധാനപാലനം അസാധ്യമാക്കുന്നതാണ് ജില്ലാ ജ!ഡ്ജി ജെയിംസ് റോബര്‍ട്ടിന്റെ നിലപാട്. പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരം ലഭിക്കാത്ത രാജ്യങ്ങളില്‍ വന്‍ കുഴപ്പങ്ങളുണ്ടാകുമെന്നും ട്രംപ് അവകാശപ്പെട്ടു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും അധികാരവും പ്രസിഡന്റിനുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ഷോണ്‍ സ്‌പൈസര്‍ പറഞ്ഞു.
അമേരിക്കയിലേക്ക് ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവിനു ശേഷം ഇതുവരെ തള്ളിയത് ഒരു ലക്ഷത്തിലേറെ വിസ അപേക്ഷകളാണെന്നാണ് കണക്ക്. അലക്‌സാണ്‍ട്രിയ ഫെഡറല്‍ കോടതിയില്‍ സര്‍ക്കാര്‍ അറ്റോര്‍ണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീങ്ങള്‍ക്കുള്ള യാത്രാ വിലക്ക് ചോദ്യം ചെയ്ത് രണ്ട് യെമനീസ് സഹോദരന്മാരായ തരെഖ്, അമര്‍ അക്വല്‍ മുഹമ്മദ് അസീസ് എന്നിവര്‍ നല്‍കിയ പരാതി കോടതി പരിഗണിക്കുമ്പോഴായിരുന്നു അറ്റോര്‍ണിയുടെ മറുപടി.
ഡള്ളസ് എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ശനിയാഴ്ച എത്തിയ ഇവരോട് റസിഡന്റ് വിസ തിരിച്ചുവാങ്ങുകയും പ്രതിഷേധിച്ചപ്പോള്‍ എന്ത്യോപ്യയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തുവെന്നാണ് ആരോപണം. ഒരു ലക്ഷത്തോളം പേരെ എയര്‍പോര്‍ട്ടുകളില്‍ തടഞ്ഞുവെച്ചുവെന്നും യെമനീസ് സഹോദരന്മാര്‍ക്ക് വേണ്ടി ഹാജരായ ലീഗല്‍ എയ്ഡ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.
എത്രപേരെ തിരിച്ചയച്ചുവെന്ന് കൃത്യമായി വ്യക്തമാക്കാന്‍ തയ്യാറാകാത്ത അറ്റോര്‍ണി ഏറെസ് വ്യൂവെണി, ഗ്രീന്‍ കാര്‍ഡ് വീസയില്‍ എത്തിയ എല്ലാവരേയും യു.എസില്‍ പ്രവേശിക്കാന്‍ അനുവദിച്ചുവെന്നും അറിയിച്ചു. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്. വെര്‍ജീനിയ, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, മിഷിഗണ്‍ കോടതികള്‍ ട്രംപിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല