സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് വീണ്ടും തിരിച്ചടി, യുഎസില്‍ കഴിയുന്ന വിലക്കുള്ള രാജ്യക്കാരുടെ മുത്തശി, മുത്തശന്‍, പേരക്കുട്ടികള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി കോടതി ഉത്തരവ്. ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്ക് യാത്ര വിലക്കിയവരുടെ പട്ടികയില്‍നിന്ന് മുത്തശ്ശി, മുത്തശ്ശന്‍, പേരക്കുട്ടികള്‍ എന്നിവരെ ഒഴിവാക്കിയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞയാഴ്ച ഹവായ് ഫെഡറല്‍ കോടതി വിലക്കുള്ളവരുടെ പട്ടികയില്‍നിന്ന് യു.എസില്‍ കഴിയുന്നവരുടെ അടുത്ത ബന്ധുക്കളെ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് ശരിവെച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഫെഡറല്‍ കോടതികള്‍ തള്ളിയ വിവാദ യാത്രവിലക്ക് ഉപാധികളോടെ പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസമാണ് അനുമതി നല്‍കിയത്. യു.എസില്‍ സ്ഥിരതാമസമുള്ളവരുടെ അടുത്ത ബന്ധുക്കള്‍ക്കും ബിസിനസ് ബന്ധമുള്ളവര്‍ക്കും വിലക്ക് ബാധകമല്ല.
അതുപ്രകാരം യാത്രവിലക്കുള്ളവരുടെ പട്ടികയും പുറത്തിറക്കുകയുണ്ടായി. അടുത്ത ബന്ധുക്കള്‍ ആരെല്ലാമെന്നു കാണിച്ച് സര്‍ക്കാര്‍ നേരത്തേ പുറത്തിറക്കിയ പട്ടികയില്‍ മുത്തശ്ശിമുത്തശ്ശന്മാരും പേരക്കുട്ടികളും ഉള്‍പ്പെട്ടിരുന്നില്ല. മരുമകള്‍, സഹോദരഭാര്യ, സഹോദരീ ഭര്‍ത്താവ്, അനന്തരവന്‍, അമ്മാവന്‍, അമ്മായി എന്നിവരും വിലക്കുള്ളവരുടെ പട്ടികയിലായിരുന്നു. തീവ്രവാദ ആക്രമണം തടയാനെന്ന വാദം ഉന്നയിച്ചാണ് ട്രംപ് ഭരണകൂടം ലിബിയ, ഇറാന്‍, സോമാലിയ, സുഡാന്‍, യമന്‍, സിറിയ എന്നീ ആറു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല