സ്വന്തം ലേഖകന്‍: മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്, ട്രംപിന്റെ ഉത്തരവ് പുനഃസ്ഥാപിക്കില്ലെന്ന് കോടതി. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനാനുമതി വിലക്കികൊണ്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് ജില്ലാ കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന യുഎസ് നിയമ മന്ത്രാലയത്തിന്റെ ആവശ്യം യുഎസ് മേല്‍ക്കോടതി തള്ളി.
ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്നായിരുന്നു യുഎസ് നിയമ മന്ത്രാലയത്തിന്റെ ആവശ്യം. സാന്‍ഫ്രാന്‍സിസ് കോയിലെ നയണ്‍ത് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍ ആണ് കേസ് പരിഗണിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വീണ്ടും അപ്പീല്‍ നല്കുമെന്നാണു സൂചന.
ട്രംപിന്റെ എക്‌സിക്യൂട്ടിവ് ഉത്തരവ് റദ്ദാക്കിക്കൊണ്ട് സിയാറ്റില്‍ ഡിസ്ട്രിക്ട് ജഡ്ജി ജയിംസ് റോബര്‍ട്ട് കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി മരവിപ്പിച്ച് ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേല്‍ക്കോടതിയെ സമീപിച്ചത്. എന്നാല്‍, സിയാറ്റില്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യംചെയ്തുള്ള സര്‍ക്കാരിന്റെ അടിയന്തര അപ്പീല്‍ മേല്‍ക്കോടതി നിരാകരിച്ചു.
തന്റെ ഉത്തരവ് രാജ്യവ്യാപകമായി തടഞ്ഞ സിയാറ്റില്‍ ജഡ്ജിയെ ട്രംപ് നിശിതമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയെക്കരുതിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ജില്ലാ കോടതി വിധി മരവിപ്പിക്കാന്‍ മേല്‍ക്കോടതി വിസമ്മതിച്ചത് വീണ്ടും നിയമയുദ്ധത്തിനു കാരണമാകുമെന്ന് ഉറപ്പായി. അതേസമയം, റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ സര്‍വേയില്‍ 49 ശതമാനം അമേരിക്കക്കാരും വിലക്കിനെ അനുകൂലിച്ചു. 51 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ അനുകൂലിച്ചപ്പോള്‍ 53 ശതമാനം ഡെമോക്രാറ്റുകളും വിലക്കിനെ എതിര്‍ത്തു.
ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വാഷിങ്ടണ്‍, മിനിസോട സംസ്ഥാനങ്ങളിലെ ജഡ്ജിമാരാണ് ഫെഡറല്‍ കോടതിയെ സമീപിച്ചത്.
മതസ്വാതന്ത്ര്യം ഹനിക്കുന്നതാണ് നടപടിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രസിഡന്റിന്റെ അധികാരം ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്‌ളെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നോള്‍ ഫ്രാന്‍സിസ് വാദിച്ചു.
ഇറാഖ്, ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ, യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. ഒപ്പം സിറിയന്‍ അഭയാര്‍ഥികളെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞു. വിലക്കിനെതിരെ ലോകവ്യാപകമായി പ്രതിഷേധവും ഉയര്‍ന്നു. ട്രംപിന്റെ ഉത്തരവിനുശേഷം വിദേശകാര്യ വകുപ്പ് 60,000ത്തോളം പേരുടെ വിസ റദ്ദാക്കുകയുണ്ടായി.
അതിനിടെ, കോടതി കുടിയേറ്റ വിലക്ക് നിരോധിച്ചതോടെ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്ന് വിസ കൈവശമുള്ളവര്‍ തിരക്കു പിടിച്ച് അമേരിക്കയിലേക്ക് വിമാനം കയറുകയാണ്. നിയമപരമായി അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അവസരം ലഭിക്കാന്‍ ഇടയില്‌ളെന്നു കണ്ടാണ് ഇവരുടെ യാത്ര. വിവാദ ഉത്തരവോടെ വിദ്യാര്‍ഥികളുള്‍പ്പെടെ യു.എസിലേക്ക് എത്താനാവാതെ ബുദ്ധിമുട്ടി.
ഒപ്പം ട്രംപിന്റെ വിലക്കിനെതിരേ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ബ്രിട്ടന്‍, ഫ്രാന്‍സ്, ഹോങ്കോംഗ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നലെ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലണ്ടനില്‍ പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരേയും ബാനറുകള്‍ ഉയര്‍ന്നു. ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ആയിരക്കണക്കിനാളുകള്‍ അണിനിരന്ന വന്‍ പ്രതിഷേധ റാലികള്‍ അരങ്ങേറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല