സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്ക് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കും വിനയാകുന്നു, കശ്മീരില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് വിസ നിഷേധിച്ചു. കശ്മീരില്‍ നിന്നുള്ള സ്‌നോഷൂ താരങ്ങളായ ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് വിസ നിഷേധിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് വിസ നിഷേധിച്ചതെന്നാണ് വിശദീകരണം.
ന്യുയോര്‍ക്കില്‍ ഫെബ്രുവരി 24, 25 തീയതികളില്‍ നടക്കുന്ന സ്‌നോഷൂ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരങ്ങള്‍ വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ വിസ നിരസിക്കുകയായിരുന്നു. എല്ലാ രേഖകളും കൃത്യമായിരുന്നു. എന്നിട്ടും വിസ നല്‍കാന്‍ തയ്യാറായില്ലെന്ന് താരങ്ങള്‍ ആരോപിച്ചു.
ഡല്‍ഹിയിലെ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥ രേഖകള്‍ എല്ലാം പരിശോധിച്ചതാണ്. തുടര്‍ന്ന് അകത്തേക്ക് പോയി തിരിച്ചുവന്ന ഉദ്യോഗസ്ഥ വിസ നിരസിച്ചതായി അറിയിക്കുകയായിരുന്നെന്ന് താരങ്ങള്‍ പറഞ്ഞു. ട്രംപിന്റെ പുതിയ നയമാണ് വിസ നിരസിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.
കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രസിഡന്റ് ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഇവര്‍ക്ക് വിസ നിഷേധിച്ചതെന്ന് ജമ്മുകശ്മീര്‍ അധികൃതരും ആരോപിക്കുന്നു. സ്‌പോര്‍സര്‍ഷിപ്പ്, ക്ഷണപത്രം, സാമ്ബത്തിക പശ്ചാത്തലം തുടങ്ങി വിസയ്ക്ക് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുന്നത് സംബന്ധിച്ച ഉത്തരവില്‍ അടുത്തിടെയാണ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. തീരുമാനം ലോകമൊട്ടാകെ വന്‍ പ്രതിഷേധത്തിനു കാരണമാകുകയും ഇറാന്‍ അടക്കമുള്ള മുസ്ലീം രാജ്യങ്ങള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല