സ്വന്തം ലേഖകന്‍: മുസ്ലീമായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാര്‍, ട്രംപ് ഭരണകൂടത്തിന്റെ മുസ്ലീം വിരുദ്ധതക്കെതിരെ ആഞ്ഞടിച്ച് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി. ട്രംപിന്റെ മുസ്‌ലീം വിരുദ്ധതയെ രൂക്ഷമായി വിമര്‍ശിച്ച മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാഡലീന്‍ ഓള്‍ബ്രൈറ്റ് അമേരിക്കയിലേക്ക് കുടിയേറുന്ന മുസ്‌ലീമുകള്‍ക്ക് എതിരെ ഡോണള്‍ഡ് ട്രംപ് നടപടിയെടുക്കുന്ന സാഹചര്യമുണ്ടായാല്‍ താന്‍ മുസ്‌ലീമായി രജിസ്റ്റര്‍ ചെയ്യുമെന്ന് വ്യക്തമാക്കി.
താന്‍ കത്തോലിക്ക വിശ്വാസിയായാണ് വളര്‍ന്നതെന്നും എന്നാല്‍ പിന്നീട് തന്റെ കുടുംബം ജൂതന്മാരാണെന്ന് കണ്ടെത്തിയതായും സൂചിപ്പിച്ച മാഡലീന്‍ ഓള്‍ബ്രൈറ്റ്, മുസ്‌ലീമുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ മുസ്‌ലീമായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരുക്കമാണെന്ന് ട്വീറ്റ് ചെയ്തു. നാല് മാസം വരെ അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി കുടിയേറ്റത്തെ നിരോധിക്കുന്ന നിയമത്തെ കുറിച്ച് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഭീകരതയ്‌ക്കെതിരെ ട്രംപ് പ്രചാരണ വേളയില്‍ ഉയര്‍ത്തിയ വിവാദ പ്രസ്താവനകള്‍ക്ക് ഈ നിയമത്തിലൂടെ ട്രംപ് പിന്തുണ നല്‍കും. രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിം കുടിയേറ്റക്കാര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നേരത്തെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. പ്രസിഡന്റായതിന് ശേഷവും ട്രംപ് തന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയില്‍ ജീവിക്കുന്ന എല്ലാ മുസ്‌ലീം മതസ്ഥരുടെയും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കാന്‍ ട്രംപ് ഒരുങ്ങുന്നത്.
2016 അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണിനെ പിന്തുണച്ചയാളാണ് മാഡലീന്‍ ഓള്‍ബ്രൈറ്റ്. എന്നും അമേരിക്ക എല്ലാ ജനവിഭാഗങ്ങള്‍ക്കും തുറന്നിരിക്കണമെന്നും ഓള്‍ബ്രൈറ്റ് വ്യക്തമാക്കുന്നു. ഹോളിവുഡ് നടി മായിം ബിയാലിക്ക ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖരാണ് പ്രതിഷേധ സൂചകമായി മുസ്ലീമായി രജിസ്റ്റര്‍ ചെയ്യാന്‍ ഇതിനകം ഒരുങ്ങിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല