സ്വന്തം ലേഖകന്‍: ട്രംപിന്റെ രണ്ടാം കുടിയേറ്റ വിലക്കിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു, നടപടി ഇസ്ലാം വിരുദ്ധമെന്ന് ആരോപണം. ആറ് രാജ്യങ്ങളില്‍നിന്നുളളവര്‍ക്കു വീസ നിഷേധിച്ച് ട്രംപ് ഭരണകൂടം പുതിയ ഉത്തരവിറക്കിയതോടെ അമേരിക്കകത്തും പുറത്തും പ്രതിഷേധം വ്യാപകമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരവ് പുറത്തുവിട്ട ആദ്യ മണിക്കൂറില്‍തന്നെ രാജ്യത്തെ വിവിധ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. പുതിയ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ന്യൂയോര്‍ക് അറ്റോണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ പറഞ്ഞു.
‘ഏഴ് മുസ്ലിം രാജ്യങ്ങളെ വിലക്കിയ ആദ്യ ഉത്തരവില്‍നിന്ന് വ്യത്യസ്തമായി പുതിയതില്‍ ഒന്നുമില്ല. രണ്ടാം ഉത്തരവോടെ ട്രംപിന്റെ മുസ്ലിം വിവേചന നയം പുറത്തുവന്നിരിക്കുകയാണ്. ട്രംപ് ഭരണഘടനക്ക് അതീതനല്ലെന്ന് രാജ്യത്തെ മുഴുവന്‍ കോടതികളും അദ്ദേഹത്തെ ഓര്‍മപ്പെടുത്തിയതാണ്. എന്നിട്ടും അദ്ദേഹം അതിനെ ധിക്കരിച്ചു. ഈ സാഹചര്യത്തില്‍ ഫെഡറല്‍ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കും,’ ഷ്‌നീഡര്‍മാന്‍ പറഞ്ഞു.
ഉത്തരവിനെ ഗിവേണ്‍ മൂര്‍, കോര്‍ടസ് മാസ്റ്റോ, നാന്‍സി പെലോസി തുടങ്ങിയ ഡെമോക്രാറ്റിക് നേതാക്കളും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി, ഹീബ്രൂ ഇമിഗ്രന്റ് എയ്ഡ് സൊസൈറ്റി തുടങ്ങിയ സംഘടനകളും ട്രംപ് നയത്തിനെതിരെ രംഗത്തത്തെി. അതേസമയം, ഉത്തരവിനെ ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് ഉത്തരവിനെ ശക്തമായി ന്യായീകരിച്ച് രംഗത്തെത്തി.
രാജ്യത്ത് ഇനിയൊരു തീവ്രവാദി ഭീഷണിയുണ്ടാകരുതെന്നാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറി ജോണ്‍ കെല്ലി പറഞ്ഞു. തങ്ങളെ വിലക്കില്‍നിന്ന് നീക്കിയതിനെ ഇറാഖ് സ്വാഗതം ചെയ്തു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ഈ ഇളവ് വ്യക്തമാക്കുന്നതെന്ന് ഇറാഖി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയത്. 90 ദിവസത്തേക്കാണ് വിലക്ക്. ഈ മാസം 16 മുതല്‍ വിലക്ക് പ്രാബല്യത്തില്‍വരും. ഗ്രീന്‍ കാര്‍ഡുളളവരെയും നേരത്തെ വീസ ലഭിച്ചിട്ടുള്ളവരെയും ഇറാഖില്‍നിന്നുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്.
നേരത്തേ, ചില രാജ്യങ്ങളില്‍നിന്നുള്ളവരെ വിലക്കിയ ജനുവരി 27ന്റെ ഉത്തരവിനെതിരെ യുഎസ് കോടതികള്‍ സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു പുതിയ ഉത്തരവുമായി ട്രംപ് വീണ്ടുമെത്തിയത്. അതേസമയം, ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ പ്രധാന പങ്കുവഹിക്കുന്നതിനാലാണ് ഇറാഖിനെ വിലക്കില്‍നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല