സ്വന്തം ലേഖകന്‍: പ്രതിരോധ മേഖലയ്ക്ക് വാരിക്കോരി നല്‍കുന്ന ബജറ്റുമായി ട്രംപ്, ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് ബദലായി അമേരിക്കയില്‍ ഉടനീളം പ്രകടനങ്ങളുമായി ട്രംപ് അനുകൂലികള്‍. സൈനിക ആവശ്യങ്ങള്‍ക്കായി 5400 കോടി ഡോളറിന്റെ അധികച്ചെലവു പ്രതീക്ഷിക്കുന്ന ബജറ്റായിരിക്കും അടുത്ത മാസം യുഎസ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശസഹായത്തിനും സൈനികേതര ആവശ്യങ്ങള്‍ക്കുമുള്ള തുക ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ടാവും പ്രതിരോധ മേഖലയ്ക്കു പണം സ്വരൂപിക്കുക.
ദേശീയ സുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കുമുള്ള ബജറ്റായിരിക്കുമിതെന്ന് ഗവര്‍ണര്‍മാരുടെ യോഗത്തില്‍ ട്രംപ് വ്യക്തമാക്കി.യുഎസ് സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപും അമേരിക്കന്‍ മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം ശക്തമാകുന്നതിനിടെയാണ് സൈന്യത്തെ സന്തോഷിപ്പിക്കുന്ന ബജറ്റുമായി പ്രസിഡന്റ് രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
അതിനിടെ ട്രംപിന്റെ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനു ബദലായി ട്രംപ് അനുകൂലികളും റാലികള്‍ നടത്താന്‍ ഒരുങ്ങുകയാണ്. ട്രംപിനു പിന്തുണയറിയിച്ച് രാജ്യമെമ്പാടും റാലികളും പൊതു പരിപാടികളും സംഘടിപ്പിക്കാനാണ് അനുകൂലികളുടെ തീരുമാനം. ട്രംപിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളുടെ മുനയൊടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അനുകൂലികള്‍ റാലികള്‍ സംഘടിപ്പിക്കുന്നത്.
രാജ്യത്തെ 60ലേറെ നഗരങ്ങളില്‍ ഈ ആഴ്ച തന്നെ റാലികള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ ഈ റാലികളിള്‍ ട്രംപ് പങ്കെടുക്കാന്‍ സാധ്യതയില്ല. ഏഴു രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതുള്‍പ്പെടെ ട്രംപിന്റെ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ ഇപ്പോഴും തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല