സ്വന്തം ലേഖകന്‍: ഇറാഖിനെ ഒഴികെ ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യുഎസ് വിസ നിഷേധിച്ചു, കുടിയേറ്റ നിയന്ത്രണ ബില്ലില്‍ ഭേദഗതിയുമായി ട്രംപ്. ഇറാന്‍, ലിബിയ, സൊമാലിയ,സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡുളളവരെയും നേരത്തെ വിസ ലഭിച്ചിട്ടുളളവരെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഇറാഖടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മാര്‍ച്ച് 16 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
അധികാരത്തിലേറിയ ശേഷം ജനുവരി 27 ന് ട്രംപ് പുറത്തിറക്കിയ വിവാദ ഉത്തരവിനെതിരെ ജനരോഷം ഇരമ്പുകയും കോടതികള്‍ സ്റ്റേ പുറപ്പെടുവിക്കുകയും ചെയ്തത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിരുന്നു. എന്നാല്‍ തീവ്രവാദികളില്‍നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ഇതാവശ്യമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. പക്ഷേ ഇതിനെ സാധൂകരിക്കാനാവശ്യമായ തെളിവു ഹാജരാക്കാന്‍ സര്‍ക്കാരിനായില്ലെന്നു പറഞ്ഞാണു സാന്‍ഫ്രാന്‍സിസ്‌കോ കോടതി കീഴ്‌ക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയത്. സുപ്രീംകോടതിയില്‍ അപ്പീല്‍ പോയാല്‍ വിജയസാധ്യത കമ്മിയായ സാഹചര്യത്തില്‍ വീണ്ടും എക്‌സിക്യുട്ടീവ് ഉത്തരവ് ഇറക്കാന്‍ ട്രംപ് തീരുമാനിക്കുകയായിരുന്നു. ഇതോടെ കുടിയേറ്റക്കാര്‍ക്ക് പ്രത്യക്ഷത്തില്‍ 120 ദിവസത്തെ വിലക്ക് നേരിടേണ്ടിവരും.
കുടിയേറ്റ പരിഷ്‌കാരങ്ങളുടെ ഭാഗമായി എച്ച്1 ബി വിസ നല്‍കുന്നത് ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്ക് അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. ഫാസ്റ്റ് ട്രാക്ക് രീതിയിലെത്തുന്ന അപേക്ഷകളാണ് തള്ളുകയെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസാണ് ഉത്തരവിറക്കിയത്. എച്ച്1ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാല്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് തീരുമാനം. 2014 ല്‍ 86 ശതമാനം എച്ച് 1ബി വിസ അനുവദിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു. പ്രതിവര്‍ഷം 85,000ത്തോളം എച്ച്1ബി വിസകളാണ് അമേരിക്ക നല്‍കാറുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല