സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ നിരോധനത്തിന് വീണ്ടും തിരിച്ചടി, പുതിയ ഉത്തരവും ഫെഡറല്‍ കോടതി വിലക്കി. ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവരും അഭയാര്‍ഥികളും അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുന്ന വിവാദ ഉത്തരവില്‍ മാറ്റംവരുത്തി കൊണ്ടുവന്ന പുതിയ ഉത്തരവാണ് ഹവായിയിലെ ജില്ല ജഡ്ജി ഡെറിക് വാട്‌സണ്‍ താല്‍ക്കാലികമായി തടഞ്ഞത്. വ്യാഴാഴ്ച വിലക്ക് നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പാണ് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി താല്‍ക്കാലിക സ്റ്റേ.
കോടതി പരിധി വിടുന്നതിന്റെ തെളിവാണ് ഫെഡറല്‍ കോടതി ഉത്തരവെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പ്രതികരിച്ചു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അഭയാര്‍ഥി പ്രവാഹം തടയാന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഉത്തരവില്‍ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താല്‍ക്കാലിക യാത്രനിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മുസ്ലീങ്ങള്‍ക്കെതിരായ വിവേചനമാണ് ട്രംപിന്റെ ഉത്തരവിലുള്ളതെന്ന്, ഇതിനെതിരായ ഹരജികളില്‍ വിവിധ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുടെ വാദം പരിഗണിച്ച ഫെഡറല്‍ കോടതി ട്രംപിന്റെ ഉത്തരവില്‍ മുസ്‌ലിം എന്ന് സൂചിപ്പിക്കുന്നില്ലെങ്കിലും നിഷ്പക്ഷമായി പരിശോധിച്ചാല്‍, പ്രത്യേക മതത്തിനെതിരാണ് ഉത്തരവെന്നത് വ്യക്തമാകുതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി. യാത്രാ വിലക്ക് ദേശീയ സുരക്ഷക്ക് വേണ്ടിയാണെന്ന വാദത്തിന് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.മേരിലന്‍ഡ്, വാഷിങ്ടണ്‍, ഹവായ് സംസ്ഥാനങ്ങളാണ് ട്രംപിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
ജനുവരിയിലാണ് ഇറാഖ്, ഇറാന്‍, ലിബിയ, യമന്‍, സോമാലിയ, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യു.എസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഉത്തരവ് ഭരണഘടനവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതികളും രംഗത്തു വന്നതോടെയാണ് ഇറാഖിനെ ഒഴിവാക്കി മാര്‍ച്ച് ആറിന് ട്രംപ് പുതിയ ഉത്തരവ് കൊണ്ടുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല