1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2016

സ്വന്തം ലേഖകന്‍: മൂന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ വിവാദമാകുന്നു, പരിചയക്കുറവ് എടുത്തുകാണിക്കുന്നെന്ന് ആരോപണം. കഴിഞ്ഞ ആഴ്ച നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ട്, തായ്‌വാന്‍ പ്രസിഡന്റ് സായിംഗ് വെന്‍ എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്.

ഈ സംഭാഷണങ്ങളിലൂടെ വാഷിംഗ്ടണ്‍ പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന കീഴ്‌വഴക്കങ്ങളെ കീഴ്‌മേല്‍ മറിക്കുകയും ചെയ്തു ട്രംപ്. നവാസ് ഷെറീഫുകായി നടത്തിയ സംഭാഷണം പാക് പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്. ട്രംപിന്റെ വിജയത്തില്‍ അഭിനന്ദനം അറിയാനാണ് ഷെരീഫ് വിളിച്ചത്. സംഭാഷണത്തില്‍ ട്രംപ്, പാക് പ്രധാനമന്ത്രി ഷെരീഫിനെയും
പാകിസ്ഥാനെയും അമിതമായി പുകഴ്ത്തുന്നുണ്ട്.

മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ 5,000ത്തിലേറെ പേരെ നിയമവിരുദ്ധമായി കൊന്നൊടുക്കിയ വ്യക്തിയാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ട്. ഡ്യൂട്ടെര്‍ട്ടുമായുള്ള സംഭാഷണത്തില്‍ ഈ പോരാട്ടത്തെ ട്രംപ് പിന്തുണയ്ക്കുകയുണ്ടായി. സമീപകാലത്ത് ഫിലിപ്പീന്‍സ്‌യുഎസ് ബന്ധം അകല്‍ച്ചയിലായതിന്റെ കാരണം ഡ്യുട്ടെര്‍ട്ടിന്റെ മയക്കുമരുന്ന് പോരാട്ടത്തിന്റെ പേരിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായിരുന്നു. ഇതിനെ ചോദ്യം ചെയ്ത യുഎസ് പ്രസിഡന്റ് ഒബാമയെ വേശ്യയുടെ മകനെന്നാണു ഡ്യുട്ടെര്‍ട്ട് ആക്ഷേപിച്ചത്.

കഴിഞ്ഞ ദിവസം തായ്‌വാന്‍ പ്രസിഡന്റ് സായിംഗ് വെന്നുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണമാണ് അവസാനത്തേത്. പരസ്പരം അകലച്ച പാലിക്കുന്ന ചൈനക്കും തായ്‌വാനും ഇടയില്‍ കൈകടത്താന്‍ 1979നു ശേഷം ഇതുവരെ യുഎസ് പ്രസിഡന്റുമാര്‍ തയ്യാറായിട്ടില്ല. തായ്‌വാന്‍ സന്ദര്‍ശിക്കാനോ ആ രാഷ്ട്രത്തിന്റെ തലവനുമായി സംസാരിക്കാനോ യുഎസ് പ്രസിഡന്റുമാര്‍ മുതിരാറില്ല. ഈ പതിവാണ് ട്രംപ് കഴിഞ്ഞ ദിവസം തെറ്റിച്ചത്. വരും നാളുകളില്‍ യുഎസ്‌ചൈന നയങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതാണ് ട്രംപിന്റെ നീക്കം.

ഫോണ്‍ കോള്‍ വിവാദമായതിനെ തുടര്‍ന്ന് ട്രംപ് ട്വീറ്റ് ചെയ്യുകയുണ്ടായി. ട്വീറ്റില്‍ തായ്‌വാന്‍ പ്രസിഡന്റാണ് ആദ്യം തന്നെ വിളിച്ചതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.