സ്വന്തം ലേഖകൻ: വി.ഐ.പി യാത്രകൾ, ഫോട്ടോഷൂട്ടുകൾ തുടങ്ങി പലതിനും മുൻ യുഎസ് പ്രസിഡൻറ് ട്രംപ് അഭിമാനത്തോടെ ഉപയോഗിച്ച ബോയിങ് 757 വിമാനം കട്ടപ്പുറത്തായി. മൻഹാട്ടനിൽനിന്ന് 60 കിലോമീറ്റർ അകലെ ന്യൂയോർകിലെ ഓറഞ്ച് കൗണ്ടിയിൽ വെറുതെ വിശ്രമിക്കുകയാണ് ഈ വമ്പൻ വിമാനം.
24 കാരറ്റ് സ്വർണത്തിൽ തീർത്ത സീറ്റ് കൊളുത്തുകൾ, അലങ്കൃതമായ ബാത്റൂമുകൾ എന്നിങ്ങനെ ആഡംബരത്തിന്റെ നേർസാക്ഷ്യമായി ആകാശത്തും ഭൂമിയിലും പറന്നു നടന്ന ട്രംപിന്റെ ആ സ്വന്തം വിമാനം പഴയ പ്രൗഢിയുടെ നിഴലായി മാറി.
ഒരു എഞ്ചിനിന്റെ ചില ഭാഗങ്ങൾ അഴിച്ചുമാറ്റിയിട്ടുണ്ട്. രണ്ടാമത്തേത് പ്ലാസ്റ്റികിൽ പൊതിഞ്ഞുവെച്ചനിലയിലും. ഇനിയും ലക്ഷക്കണക്കിന് ഡോളറുകൾ ഒഴുകിയാലേ ആകാശത്ത് ഈ വിമാനം പറക്കൂ. കോവിഡിൽ കുടുങ്ങി ടൂറിസം മേഖല പഴയ നില പ്രാപിക്കാത്തതിനാൽ ട്രംപിന്റെ വിമാനവും അതിവേഗമൊന്നും തിരിച്ചുവരുമെന്ന് അമേരിക്കക്കാർ പ്രതീക്ഷിക്കുന്നില്ല. ഏറെയായി വിമാനം കട്ടപ്പുറത്താണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇനി എന്നുമുതൽ യാത്ര പുനരാരംഭിക്കും എന്നതിനുമില്ല ഉത്തരം.
ട്രംപ് കൈവെച്ച ടൂറിസം അനുബന്ധ മേഖലകളിൽനിന്ന് വരുമാനം നിലച്ചത് ബാധിച്ചതായാണ് സൂചന. മോശം കാലാവസ്ഥയിൽ ഒന്നും ചെയ്യാതെ വിമാനം ഇട്ടേച്ചുപോന്നതിനാൽ തുരുെമ്പടുക്കാൻ സാധ്യതയേറെ. മഞ്ഞും മഴയും ഈർപവും തുടങ്ങി കാലാവസ്ഥയുടെ ഓരോ ഘടകവും ഇതിനു മേൽ പരിക്കേൽപിക്കും. ദീർഘനാൾ നിർത്തിയിടുന്ന വിമാനങ്ങൾ കുറെകൂടി അകലെ കാലാവസ്ഥ അത്രക്ക് ബാധിക്കാത്ത ഒരു മരുഭൂമിയിലാണ് പതിവായി നിർത്തിയിടാറ്. അത് വേണ്ടെന്നുവെച്ചാണ് അനാഥമായി കിടക്കുന്നത്.
2010ലായിരുന്നു ബോയിങ് 757 വിമാനം ട്രംപ് സ്വന്തമാക്കുന്നത്. മൈക്രോസോഫ്റ്റ് ശതകോടീശ്വരൻ പോൾ അലെന്റെതായിരുന്നു അതുവരെയും ഈ വിമാനം. പിന്നീട് അതിവേഗം ട്രംപിന് ഇഷ്ട യാത്രാവാഹനമായി. പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിലും ഇത് കൂടെ സഞ്ചരിച്ചു. പക്ഷേ, നല്ലകാലം കഴിഞ്ഞതോടെ വിമാനയാത്രക്ക് ചെലവ് വല്ലാതെ കൂടി. മണിക്കൂറിന് 15,000- 18,000 ഡോളർ വരെ വേണമെന്നു വന്നതോടെ ശരിക്കും പ്രയാസം വന്നുമൂടി. എന്നല്ല, കൂടുതൽ നേരം പറത്താവുന്ന അവസ്ഥ വിട്ടതായും വ്യോമയാന രംഗത്തെ വിദഗ്ധർ പറയുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ട്രംപിന്റെ ആസ്തിയിൽ കാര്യമായ ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തത് 42 കോടി ഡോളറിലേറെ വ്യക്തിഗത ബാധ്യതയുണ്ടെന്നാണ്. അവയിലേറെയും അടുത്ത നാലു വർഷത്തിനുള്ളിൽ അടച്ചുതീർക്കേണ്ടവയും. ഗോൾഫ് കോഴ്സുകളുൾപെടെ സുപ്രധാന ബിസിനസ് സംരംഭങ്ങളിലേറെയും വൻനഷ്ടത്തിലാണ്.
അതുവഴി 2016 ഫെബ്രുവരിയിൽ 300 കോടി ഡോളർ ആസ്തിയുള്ളത് ചുരുങ്ങിയത് 230 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 10 കോടി ഡോളർ കൊടുത്തുവാങ്ങിയ ബോയിങ് 757 മോഡൽ ഇനി വിൽപന നടത്തിയാൽ ഒരു കോടി ഡോളർ പോലും തരപ്പെടില്ലെന്ന ആധി വേറെ. കുറെകൂടി ചെറിയ എട്ടു സീറ്റ് സെസ്ന 750 കോർപറേറ്റ് ജെറ്റ് ആണ് നിലവിൽ ട്രംപ് ഉപയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല