സ്വന്തം ലേഖകന്‍: അത് നുണകള്‍ കുത്തിനിറച്ച പുസ്തകം, പുസ്തക വിവാദത്തില്‍ പ്രതികരണവുമായി ട്രംപ്. ട്രംപ് ഭരണകൂടത്തിന്റെ അണയറക്കഥകള്‍ വിവരിക്കുന്ന മൈക്കല്‍ വുള്‍ഫിന്റെ പുസ്തകം ‘നിറച്ചും നുണകള്‍’ ആണെന്നാണ് ട്രംപ് പ്രതികരിച്ചത്. ‘ഫയര്‍ ആന്‍ഡ് ഫ്യൂറി: ഇന്‍സൈഡ് ദ് ട്രംപ് വൈറ്റ് ഹൗസ്’ ഇന്നലെയാണു വിപണിയിലെത്തിയത്.
പുസ്തകം പുറത്തിറങ്ങുന്നതു തടയാന്‍ ട്രംപിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ‘അയാളെ (വുള്‍ഫ്) ഒരിക്കലും ഞാന്‍ വൈറ്റ് ഹൗസിലേക്ക് അടുപ്പിച്ചിട്ടില്ല. പലവട്ടം അയാളുടെ അഭ്യര്‍ഥന നിരസിക്കുകയും ചെയ്തു. പുസ്തകത്തിനു വേണ്ടി ഒരിക്കലും ഞാന്‍ അയാളോടു സംസാരിച്ചിട്ടില്ല. അതു മുഴുവനും നുണയാണ്, തെറ്റായ വിവരങ്ങളാണ്’– ട്രംപ് ട്വീറ്റ് ചെയ്തു.
ഈയിടെ ട്രംപ് പുറത്താക്കിയ വൈറ്റ് ഹൗസ് പ്രധാന ഉപദേശകന്‍ സ്റ്റീവ് ബാനനും ട്രംപിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ട്രംപ് വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബാനനെതിരെ വൈറ്റ് ഹൗസ് നോട്ടിസ് അയച്ചിട്ടുണ്ട്. പ്രസിഡന്റാകുക ട്രംപിന്റെ ലക്ഷ്യമായിരുന്നില്ലെന്നും തോറ്റാലും ആ പ്രശസ്തി ഉപയോഗിച്ചു ടിവി താരമായി ശോഭിക്കാമെന്നു കരുതിയാണു രംഗത്തിറങ്ങിയതെന്നുമാണു പുസ്തകത്തില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല