1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2017

സ്വന്തം ലേഖകന്‍: ഭീകരവാദത്തിന് എതിരെ പോരാടാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ട്രംപ്,സൗദി സന്ദര്‍ശനത്തിനിടെ വാളുമെടുത്ത് നൃത്തംവച്ച് യുഎസ് പ്രസിഡന്റ്. റിയാദില്‍ നടന്ന മുസ്ലീം രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഭീകരവാദത്തിനെതിരെ സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണം തേടിയത്. സൗദിയുമായി പുതിയൊരു ബന്ധം ആരംഭിക്കുകയാണ്. മേഖലയിലും ലോകത്തെമ്പാടും സമാധാനവും സമൃദ്ധിയും ഉണ്ടാകണമെന്നാണ് യുഎസിന്റെ ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു.

ഇറാനെതിരെ രൂക്ഷമായ വിമര്‍ശനവുമുന്നയിക്കുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസംഗം. ഭീകരവാദത്തിന് ഇറാന്‍ ആയുധവും പരിശീലനവും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.തീവ്രവാദികളെ നേരിടുന്നതിലൂടെ രണ്ട് വിശ്വാസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല നടക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാണിച്ചു. ഈ യുദ്ധം നന്മയും തിന്മയും തമ്മിലുള്ളതാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ലോകത്തെ മിക്ക രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകളാണ്. അറബ് രാജ്യങ്ങളും ഇതിന്റെ ഏറ്റവും വലിയ ഇരകളാണ്. ഇവിടെയുള്ള ഭീകരവാദികളെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപിന്റെ നൃത്തം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അറേബ്യയുടെ പരമ്പരാഗത നൃത്തരൂപമായ സ്വോര്‍ഡ് ഡാന്‍സാണ് ട്രംപി പരീക്ഷിച്ചത്. കിങ് അബ്ദുള്‍ അസീസി ഹിസ്റ്റോറിക്കല്‍ സെന്ററിന് പുറത്തായിരുന്നു കലാകാരന്മാരോടൊപ്പമുള്ള ട്രംപിന്റെ നൃത്തം. ട്രംപിന്റെ ഭാര്യ മെലാനിയാ ട്രംപും മരുമകന്‍ ജാറെദ് കുഷ്‌നറും നൃത്തം ആസ്വദിക്കുകയും ചെയ്തു.

സല്‍മാന്‍ രാജാവുമൊത്തുള്ള വിരുന്നിന് അനുബന്ധമായാണ് സ്വോര്‍ഡ് ഡാന്‍സ് സംഘടിപ്പിച്ചത്. ഗള്‍ഫ് മേഖലയിലെ ഭീകരവാദ ഭീഷണി നേരിടുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും സൗദ്യ അറേബ്യയും തമ്മില്‍ ഒപ്പുവച്ച 11,000 കോടി ഡോളറിന്റെ ആയുധ കരാറാണ് ട്രംപിന്റെ സന്ദര്‍ശനത്തിലെ പ്രധാന നേട്ടം. കൂടാതെ ഗള്‍ഫ് മേഖലയിലുള്ള ഇസ്ലാമിക രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനും അതുവഴി ഇറാനെ മേഖലയില്‍ കൂടുതല്‍ ഒറ്റപ്പെടുത്താനും ട്രംപിന്റെ സൗദി സന്ദര്‍ശനം സഹായിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.