സ്വന്തം ലേഖകന്‍: ‘അയ്യയ്യേ! ഷേക്ക് ഹാന്‍ഡ് ചെയ്യാനും അറിയില്ലേ’ ആസിയാന്‍ വേദിയില്‍ ട്രംപിനു പറ്റിയ അബദ്ധം ആഘോഷമാക്കി സമൂഹ മാധ്യമങ്ങള്‍. ആസിയാന്‍ ഉച്ചകോടിക്കിടെ ഷേക്ക് ഹാന്‍ഡില്‍ കുടുങ്ങിയ ട്രംപിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍ എല്ലാവരും ചേര്‍ന്നുള്ള കൂട്ട ഹസ്തദാനത്തിനിടെയാണ് ഏതു കൈ ആര്‍ക്കു നേരെ നീട്ടണം എന്ന ആശയക്കുഴപ്പത്തില്‍ ട്രംപ് വട്ടംകറങ്ങിയത്. ആ നിമിഷം കൃത്യമായി ഫോട്ടോഗ്രാഫര്‍മാര്‍ പിടിച്ചെടുക്കുകയും ചെയ്തു. വരിയും നിരയും തെറ്റിച്ച ട്രംപിന്റെ മുഖത്താകട്ടെ അതിന്റെ പരിഭ്രമം വ്യക്തമാകുകയും ചെയ്തു.
വലതു വശത്തു നിന്ന വിയറ്റ്‌നാം പ്രധാനമന്ത്രി എന്‍ജൂയന്‍ സുവാന്‍ ഫൂക്കിനാണ് ട്രംപ് ഇരു കൈകളും നല്‍കിയത്. അതേസമയം, ഇടതു ഭാഗത്ത് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ട്രംപിനു നേരെ നീട്ടിയ കൈകളുമായി നില്‍ക്കുകയായിരുന്നു. ഒരു ഭാഗത്ത് ചങ്ങല മുറിഞ്ഞുവെന്ന് മനസിലാക്കിയ ട്രംപ് ഉടന്‍ തന്നെ ഫിലിപ്പീസ് പ്രസിഡന്റിന് കൈ നല്‍കി ചങ്ങല കൂട്ടിയിണക്കി.
കൈകള്‍ രണ്ടും വിപരീത ദിശകളിലേക്ക് നീട്ടേണ്ടതിന് പകരം ഒരേ ദിശയില്‍ നീട്ടിയതാണ് ട്രംപിന് പണിയായത്. സെക്കന്റുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ കൃത്യമായി ഹസ്തദാനം ചെയ്‌തെങ്കിലും ഇത്ര ലളിതമായ കാര്യം പോലും കൃത്യമായി ചെയ്യാന്‍ അറിയില്ലേ എന്നാണ് സമൂഹ മാധ്യമങ്ങളുടെ ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല