സ്വന്തം ലേഖകന്‍: ലോക നേതാക്കള്‍ക്ക് സ്വന്തം സെല്‍ ഫോണ്‍ നമ്പര്‍ കൈമാറി ട്രംപ്, നെഞ്ചിടിപ്പോടെ അമേരിക്കന്‍ സുരക്ഷാ ഏജസികള്‍. കീഴ്വഴക്കം തകിടം മറിച്ച് കാനഡ, മെക്‌സിക്കോ രാഷ്ട്ര തലവന്മാര്‍ക്കാണ് ട്രംപ് സെല്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്. കനേഡിയന്‍ പ്രധാനമന്ത്രിയാകട്ടെ കൈയ്യോടെ ട്രംപിന്റെ നമ്പര്‍ സേവ് ചെയ്യുകയും ചെയ്തു. ഫ്ര?ഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ഈയിടെ കണ്ടപ്പോഴും ട്രംപ് തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു.
സെല്‍ ഫോണ്‍ നമ്പര്‍ കൈമാറുന്നത് പ്രസിഡന്റ് സ്ഥിരം പരിപാടിയാക്കുമ്പോള്‍ വൈറ്റ്ഹൗസിലെ സുരക്ഷയെപ്പറ്റി നെഞ്ചിടിപ്പു കൂടുന്നത് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്കാണ്. ട്രംപിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ച കനേഡിയന്‍ പ്രസിഡന്റ് അത് സ്വന്തം ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറില്ലെന്ന് എന്താണ് ഉറപ്പെന്നാണ് വൈറ്റ് ഹൗസ് സുരക്ഷാ വിഭാഗത്തിന്റെ ചോദ്യം. രാഷ്ട്ര നേതാക്കളുമായി നടന്ന ട്രംപിന്റെ സ്വകാര്യ സംഭാഷണങ്ങളില്‍ ചിലതൊക്കെ ചോര്‍ന്നത് ചിലര്‍ ഉദാഹരണമായി എടുത്തു കാണിക്കുന്നു.
മാത്രമല്ല, വൈറ്റ് ഹൗസിന്റെ അതീവ സുരക്ഷാലൈനുകളില്‍ കൂടി വിളിക്കുന്നതു പോലെയല്ല ഓപ്പണ്‍ ലൈനിലൂടെയുള്ള സംഭാഷണമെന്നും അത് വന്‍ സുരക്ഷാ വീഴ്ചയാണെന്നും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു. ഓപ്പണ്‍ ലൈനുകളിലൂടെയുള്ള പ്രസിഡന്റിന്റെ സംഭാഷണം മറ്റ് രാഷ്ട്രങ്ങളിലെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് അനായാസം ചോര്‍ത്താം.
ട്രംപിന്റെ മുന്‍ഗാമി ഒബാമ പ്രിയപ്പെട്ട ബ്ലാക്‌ബെറി ഫോണുമായാണ് എപ്പോഴും യാത്ര ചെയ്യാറുള്ളതെങ്കിലും ഫോണിലെ പല സംവിധാനങ്ങളും സുരക്ഷാ പ്രശ്‌നം കാരണം ഒഴിവാക്കിയിരുന്നു. മാത്രമല്ല വിശ്വസ്തരായ വളരെ കുറച്ചു പേര്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ ഒബാമയുടെ സ്വകാര്യ ഫോണ്‍ നമ്പറോ ഇമെയില്‍ അഡ്രസോ അറിയുമായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല