1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2017

 

സ്വന്തം ലേഖകന്‍: ട്രംപിന്റെ നികുതി രഹസ്യങ്ങള്‍ ചോര്‍ന്നു, ചോര്‍ച്ചക്കു പിന്നില്‍ ട്രംപ് തന്നെയാണെന്ന് എതിരാളികള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 2005ല്‍ നികുതിയായി നല്‍കിയത് 38 മില്യണ്‍ ഡോളറാണെന്നും 150 മില്യണ്‍ ഡോളറാണ് ട്രംപിന്റെ 2015 ലെ ആകെ വരുമാനമെന്നും രേഖകള്‍ വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തകയായ റേച്ചല്‍ മാഡോ ട്രംപിന്റെ നികുതിയെ കുറിച്ച് തന്റെ പരിപാടിയില്‍ ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നത്.

അമേരിക്കയിലെ പ്രമുഖ ടി.വി ശൃംഖല എം.എസ്.എന്‍.ബി.സി.യാണ് രേഖകള്‍ പുറത്തുവിട്ടത്. ഫെഡറല്‍ നികുതി നിരക്കിന്റെ 25 ശതമാനം മാത്രമാണ് ട്രംപ് അടച്ചതെന്ന് രേഖകളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. 10.3 കോടി ഡോളര്‍ നഷ്ടമുണ്ടായതായി അദ്ദേഹം എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് നികുതിയില്‍ ഇളവ് ലഭിച്ചതെന്നും രേഖയിലുണ്ട്. ചൊവ്വാഴ്ചയാണ് ട്രംപിന്റെ നികുതി തിരിച്ചടവ് വിവരങ്ങളുടെ രേഖകള്‍ കൈവശമുണ്ടെന്ന് എം.എസ്.എന്‍.ബി.സി അവകാശപ്പെട്ടത്.

റേച്ചല്‍ മാഡോ അവതാരകയായ പരിപാടിയില്‍ രണ്ടു പേജുള്ള വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ഡേവിഡ് കെയ് ജോണ്‍സണാണ് തങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയതെന്ന് റേച്ചല്‍ പറഞ്ഞു. ജോണ്‍സണ് ഇത് അജ്ഞാതന്‍ മെയില്‍ ചെയ്യുകയായിരുന്നു എന്നും അവര്‍ വ്യകതമാക്കി.

രേഖകളുടെ ഉറവിടത്തെക്കുറിച്ച് അറിവില്ലെന്നും എന്നാല്‍, വിവരം ചോര്‍ന്നതിന് പിന്നില്‍ ട്രംപ് തന്നെയാവാമെന്നും ജോണ്‍സണ്‍ പരിപാടിയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ബുധനാഴ്ച ട്രംപ് ട്വിറ്ററില്‍ ആഞ്ഞടിച്ചു. രേഖകള്‍ അജ്ഞാതന്‍ അയച്ചു എന്ന വാദത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. നികുതി അടച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സംഭവത്തോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടുണ്ട്.

ട്രംപിന്റെ വരുമാനത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള വിവരങ്ങള്‍ എം.എസ്.എന്‍.ബി.സി പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കിയിട്ടില്ല. 18 വര്‍ഷമായി ട്രംപ് നികുതി നല്‍കുന്നില്ലെന്ന് നേരത്തേ ന്യൂയോര്‍ക്ക് ടൈംസും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പുവേളയിലെ ഹില്ലരിട്രംപ് സംവാദത്തിലും ഈ വിഷയം ഉയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.