സ്വന്തം ലേഖകന്‍: ‘റോക്കറ്റ് മാനായ കിം ജോങ് ഉന്‍ ഈ കളി തുടര്‍ന്നാല്‍ യുഎസ് ഉത്തര കൊറിയയെ പൂര്‍ണമായും തകര്‍ക്കും,’ യുഎന്നിലെ കന്നി പ്രസംഗത്തില്‍ ഉത്തര കൊറിയക്കെതിരെ തീതുപ്പി ട്രംപ്. ആണവ പരീക്ഷണം അടക്കമുള്ളവയില്‍നിന്ന് പിന്മാറാന്‍ തയ്യാറായില്ലെങ്കില്‍ ഉത്തര കൊറിയയെ തകര്‍ക്കാന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്ന് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി.
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ‘റോക്കറ്റ് മാന്‍’ എന്ന് കളിയാക്കിയ ട്രംപ് ഉന്‍ ആത്മഹത്യാ ശ്രമമാണ് നടത്തുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. ശത്രുതാപരമായ നിലപാട് മാറ്റാന്‍ കിം ജോങ് ഉന്‍ തയ്യാറായില്ലെങ്കില്‍ ലോകരാജ്യങ്ങള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇസ്‌ലാമിക ഭീകരവാദത്തെ തുടച്ച് നീക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ആണവ വിഷയത്തില്‍ ഇറാനുമായുളള ധാരണയില്‍ നിന്ന് പിന്‍മാറുമെന്നും വ്യക്തമാക്കി.
സ്വേച്ഛാധിപത്യ നടപടികള്‍ തുടര്‍ന്നാല്‍ വെനസ്വേലയില്‍ അമേരിക്ക ഇടപെടുമെന്നും ട്രംപ് പറഞ്ഞു. മധ്യപൂര്‍വദേശത്തെ പ്രശ്‌നങ്ങളില്‍ ഇറാനെതിരെ വിരല്‍ ചൂണ്ടിയ ട്രംപ് ലോകശക്തികളുമായുളള ധാരണയുടെ മറവില്‍ ഇറാന്‍ ആണവായുധം ശേഖരിക്കുകയാണെന്നും ആരോപിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തില്‍ ഊന്നിയായിരുന്നു ട്രംപിന്റെ 41 മിനിറ്റ് നീണ്ട യു.എന്‍.പൊതുസഭയിലെ കന്നിപ്രസംഗം.
യു.എന്നിനെതിരെയും ട്രംപിന്റെ വിമര്‍ശനമുണ്ടായി. ചില രാജ്യങ്ങള്‍ നരകങ്ങളാകുമ്പോള്‍ യു.എന്‍ നിസഹായമാണ്. യു.എന്നിനുളള ധനവിഹിതം അമേരിക്കയ്ക്ക് ഭാരമാകുകയാണെന്നും ട്രംപ് തുറന്നടിച്ചു. അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരായ നിലപാട് ആവര്‍ത്തിച്ച ട്രംപ് അഭയാര്‍ഥികള്‍ക്ക് സ്വന്തം നാട്ടിലേക്ക് സുരക്ഷിതഇടം ഒരുക്കുന്നതിനാണ് അമേരിക്ക പിന്തുണയ്ക്കുന്നതെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല