1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2017

 

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന നിവേദനം തെരേസാ മേയ് തള്ളി, സന്ദര്‍ശനം ഉടനുണ്ടാകുമെന്ന് സൂചന. ട്രംപിന്റെ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് 18 ലക്ഷത്തോളം പേര്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ നിവേദനമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയത്. ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട പരാതിയായതിനാല്‍ ഈ വിഷയം പാര്‍ലമെന്റ് അടുത്ത തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത പൊതുജന പരാതിയില്‍ 18 ലക്ഷത്തിലേറെപേര്‍ ഒപ്പുവെച്ചിരുന്നു. ഇതോടൊപ്പം, ട്രംപിന്റെ സന്ദര്‍ശനം അനുവദിക്കണമെന്ന മൂന്നു ലക്ഷത്തിലേറെപേര്‍ ഒപ്പിട്ട പരാതിയും ചര്‍ച്ചയ്‌ക്കെടുക്കുന്നുണ്ട്.

അതേസമയം തിങ്കളാഴ്ച ട്രംപ് വിഷയം ചര്‍ച്ച ചെയ്യുന്ന സമയത്ത് ട്രംപ് വിരുദ്ധര്‍ പാര്‍ലമെന്റിനു പുറത്ത് വന്‍ പ്രതിഷേധറാലി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപ് അധികാരമേറ്റതിന്റെ അഞ്ചാം നാള്‍ അമേരിക്കയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രധാനമന്ത്രി തെരേസ മേയാണ് രാജ്ഞിയുടെ അനുമതിയോടെ അദ്ദേഹത്തെ ഔദ്യോഗിക ബ്രിട്ടീഷ് സന്ദര്‍ശനത്തിനായി ക്ഷണിച്ചത്.

10 ലക്ഷം ആളുകള്‍ ഒപ്പുവെച്ച നിവേദനങ്ങള്‍ ജനപ്രതിനിധി സഭയില്‍
ചര്‍ച്ചക്ക് എടുക്കണമെന്ന് ചട്ടമുണ്ടെങ്കിലും ബ്രിട്ടീഷ് സര്‍ക്കാറിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും അധികാരമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മേയ്യുടെ ഓഫീസ് വ്യക്തമാക്കി. ജനുവരി 27 നായിരുന്നു തെരേസ മേയ്, ട്രംപ് കൂടിക്കാഴ്ച.

അവരുടെ ക്ഷണം സ്വീകരിച്ച ട്രംപ് ഈ വര്‍ഷം അവസാനം ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. ട്രംപിന്റെ ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ ഉത്തരവാണ് ട്രംപിനെതിരെയുള്ള ജനവികാരം ശക്തമാകാന്‍ കാരണം. വംശീയത പ്രോത്സാഹിപ്പിക്കുന്ന ട്രംപിനെ ബ്രിട്ടന്റെ മണ്ണില്‍ കാല്‍വക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഭീമഹര്‍ജിയുമായി രംഗത്തു വരുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.