1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2019

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാനിലെത്തി. ബിസിനസ് ചര്‍ച്ച, ജപ്പാന്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച, പ്രധാനമന്ത്രി ആബെയുമായി ഗോള്‍ഫ് കളി, സുമോ ഗുസ്തിമത്സര വിജയിക്ക് ട്രോഫി സമ്മാനിക്കല്‍ തുടങ്ങി വിവിധ പരിപാടികളാണു ട്രംപിനുവേണ്ടി ഒരുക്കിയിട്ടുള്ളത്.

ഇന്നലെ ട്രംപ് ടോക്കിയോയില്‍ വിമാനമിറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്പ് നഗരത്തിലെ കെട്ടിടങ്ങളെ വിറപ്പിച്ച് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായി. പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനു ടോക്കിയോയില്‍ വിമാനമിറങ്ങിയ ട്രംപിനെയും ഭാര്യ മെലാനിയയെയും ജപ്പാന്‍ വിദേശ മന്ത്രി ടാരോ കൊനോ സ്വീകരിച്ചു. തുടര്‍ന്ന് യുഎസ് സ്ഥാനപതിയുടെ വസതിയില്‍ വ്യവസായപ്രമുഖരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരബന്ധത്തില്‍ ജപ്പാനാണു മേല്‍ക്കൈയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കാനുള്ള വ്യാപാര കരാര്‍ വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ട്രംപ് പ്രധാനമന്ത്രി ആബെയുമൊത്ത് ഗോള്‍ഫ് കളിക്കും. സുമോ ഗുസ്തി മത്സരം വീക്ഷിക്കുന്ന ട്രംപ് മത്സര വിജയിക്ക് പ്രസിഡന്റ്‌സ് ട്രോഫി സമ്മാനിക്കും. അഞ്ചടി ഉയരമുള്ള 32 കിലോ തൂക്കമുള്ള ട്രോഫിയാണിത്.

തിങ്കളാഴ്ച ജപ്പാനിലെ പുതിയ ചക്രവര്‍ത്തി നരുഹിതോയെ കാണും. നരുഹിതോ സ്ഥാനമേറ്റശേഷം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യത്തെ ലോകരാഷ്ട്ര നേതാവാണു ട്രംപ്. പ്രധാനമന്ത്രി ആബേ ഷിന്‍സോയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച യോകോസുകയിലെത്തി കാഗാ യുദ്ധക്കപ്പല്‍ സന്ദര്‍ശിക്കും. യോകോസുകാ നാവികത്താവളത്തിലെ യുഎസ് സൈനികരെ അഭിസംബോധന ചെയ്തശേഷമാവും ട്രംപ് ജാപ്പനീസ് പര്യടനം അവസാനിപ്പിക്കുക.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.