മുംബൈയില്‍ ഷൂട്ടിംഗിനെത്തിയ ശേഷം ഹോട്ടലില്‍ നിന്ന് അപ്രത്യക്ഷയായ പാക് നടിയും മോഡലുമായ വീണാ മാലിക് മുംബൈയില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. വീണ വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടന്നു എന്ന രീതിയില്‍ ഞായറാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അവര്‍ മുംബൈയിലെ ഹോട്ടലില്‍ തന്നെയുണ്ടെന്നാണ് പിന്നീട് സ്ഥിരീകരിച്ചത്. വീണയെ കാണാതായതിനെ തുടര്‍ന്ന് മുംബൈ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
മുംബൈയില്‍ ഓക്വുഡ് ഹോട്ടലില്‍ വീണ വിശ്രമിക്കുകയായിരുന്നുവത്രേ. 18 മണിക്കൂറോളം ഷൂട്ടിംഗ് നീണ്ടതിനെത്തുടര്ന്നു വീണ തളര്‍ന്നു പോയി. ക്ഷീണം അകറ്റാന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വീണ വിശ്രമിക്കുകയായിരുന്നുവെന്ന് അവരുടെ മാനേജര്‍ വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടിയല്ല വീണ ഇങ്ങനെ ചെയ്തതെന്നും വിശദീകരിച്ചു.
വീസ പുതുക്കുന്നതിനായി വാഗ അതിര്‍ത്തി വഴി, ബുര്‍ഖ ധരിച്ച് വീണ പാക്കിസ്ഥാനിലേക്ക് കടന്നു എന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇവരെ സുഹൃത്തുക്കള്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പൊലീസിനെ അടക്കം എല്ലാവരേയും പറ്റിച്ച് വീണ മുംബൈയില്‍ തന്നെ വിശ്രമിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല